ചവിട്ടുനാടക പരിശീലകനായ തമ്പി പയ്യപ്പള്ളി മത്സരാർഥികൾക്കൊപ്പം
തൃശൂർ: വിജയത്തിന്റെ നെറുകയിൽ എത്തണമെങ്കിൽ പടവുകൾ ഓരോന്നും "ചവിട്ടി' കയറണം. കലോത്സവ വേദികളെ ഇളക്കി മറിക്കുന്ന ചവിട്ടു നാടകത്തിൽ അങ്ങനെ "സ്റ്റാർ' ആയ ഒരാളുണ്ട്, തമ്പിയാശാൻ. ആൽഫ കിഡ്ഡുകൾ ആശാനെ അമേസിംഗ് സ്റ്റാർ എന്നു വിളിക്കും. അതിനവർക്ക് കിറുകൃത്യമായ കാരണങ്ങളുണ്ട്.
ആശാൻ പരിശീലകന്റെ പണി തുടങ്ങിയിട്ട് കൊല്ലം പത്തു നാൽപതായി. കൃത്യമായി പറഞ്ഞാൽ, ചവിട്ടുനാടകം ആദ്യമായി കലോത്സവത്തിൽ മത്സരയിനമായപ്പോൾ മുതൽ തമ്പിയാശാൻ കളത്തിലുണ്ട്. മൊത്തത്തിൽ തനിക്ക് ശിഷ്യർ എത്ര പേരുണ്ടെന്ന് ആശാനു പോലും അറിയില്ല !.
പാരമ്പര്യം വിട്ടൊരു കളി ഗോതുരുത്തിന്റെ മുത്തായ ആശാനില്ല. ശിഷ്യരും അതറിഞ്ഞു കളിക്കണം. കളിച്ചാൽ ഏതു വേദിയിലും എ ഗ്രേഡ് ഉറപ്പ്. വടക്കന്‍പറവൂര്‍ ചേന്ദമംഗലം ഗോതുരുത്ത് സ്വദേശി തമ്പി പയ്യപ്പിള്ളി എന്ന മത്സരാർഥികളുടെ ആശാൻ കലയിലും ജീവിതത്തിലും റിയൽ അമേസിംഗ് സ്റ്റാറായി മാറിയത് അങ്ങനെയാണ്.
സംസ്ഥാന കലോത്സവത്തില്‍ തമ്പിയാശാന്റെ ശിഷ്യരാണ് പരസ്പരം ഏറ്റുമുട്ടാറുള്ളത്. എച്ച്എസ് ആയാലും എച്ച്എസ്എസ് ആയാലും അതിന് മാറ്റമില്ല. സംസ്ഥാന കലോത്സവത്തില്‍ വിവിധ ജില്ലകളിലെ ശിഷ്യരെ ഒരുമിച്ചിരുത്തിയാണ് മേക്കപ്പും ഗ്രൂമിംഗും ചെയ്യാറുള്ളത്.
വ്യത്യസ്തമായ കഥകളിലൂടെയും വേറിട്ട ചുവടുകളിലൂടെയുമാണ് തമ്പിയാശാൻ ചവിട്ടു നാടക വേദിയിലെ എക്കാലത്തെയും റോക്കിംഗ് സ്റ്റാറായി കളം നിറയുന്നത്.
Tags : kerala school kalolsavam thambi payyappilly thambi ashan