കൊച്ചി: കേരളം ഞെട്ടലോടെ കേട്ട സ്ത്രീപീഡനകേസിലാണ് ഇന്ന് വിചാരണകോടതി വിധി പറയുന്നത്. 2017 ഫെബ്രുവരി 17നായിരുന്നു ആ സംഭവം. അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചു നഗ്നവീഡിയോ പകർത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
തന്നെയും മറ്റൊരു നടിയെയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിച്ചുവെന്ന് നടൻ ദിലീപ് സംശയിച്ചുവെന്നും ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകർന്നുവെന്നും ദിലീപ് തുടർന്ന് ഭീഷണി മുഴക്കുകയും ഇരയുടെ കരിയർ തകർക്കാൻ പല മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
അതിജീവിതയെ മാനസികമായി തളർത്താനും അപമാനിക്കാനും ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിർദേശിച്ചുവെന്നും ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തെന്നും 2013ൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
യുവനടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഏഴു വർഷമാണ് വിചാരണ നടപടികൾ നീണ്ടുപോയത്. 10 പ്രതികൾ, 280 സാക്ഷികൾ, 1600ഓളം രേഖകൾ എന്നിവയാണ് കോടതിക്കു മുന്നിലെത്തിയത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്.
പൾസർ സുനി എന്ന സുനിൽ കുമാർ മുഖ്യപ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. സുനിൽ കുമാർ, മാർട്ടിൻ, മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നീ ആദ്യ ആറു പ്രതികളാണ് കേസിൽ നേരിട്ടു പങ്കാളികളായത്. ഏഴാം പ്രതി ചാര്‍ലി പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു. എട്ടാം പ്രതി ദിലീപ് കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി.
ഒന്‍പതാം പ്രതി സനില്‍ കുമാര്‍, പത്താം പ്രതി വിഷ്ണു എന്നിവർ ദീലിപിലേക്കു കണ്ണികളായ അപ്പുണ്ണിയുമായും നാദിര്‍ഷയുമായും സംസാരിക്കാൻ ജയിലിൽനിന്നു സഹായം നല്കി, തുടരന്വേഷണത്തിൽ പത്താം പ്രതിയായ ശരത് ജി. നായർ തെളിവു നശിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.
ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്കെതിരേ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. എട്ടാംപ്രതി ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിഞ്ഞാൽ കുറ്റകൃത്യം നടത്തിയവർക്കുള്ള അതേ ശിക്ഷതന്നെ അദ്ദേഹവും അനുഭവിക്കേണ്ടിവരും. കേസിൽ 84 ദിവസത്തെ ജയിൽവാസത്തിനൊടുവിൽ 2017 ഒക്ടോബറിലാണ് ദിലീപിനു ഹൈക്കോടതി ജാമ്യം നൽകിയത്. ഒരാളൊഴികെ കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലാണ്.
കേസിലെ മുഴുവൻ പ്രതികളോടും ഇന്നു കോടതിയിൽ നേരിട്ടു ഹാജരാകണമെന്നു വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. 2018ലാണ് ആദ്യഘട്ട വിചാരണനടപടികൾ തുടങ്ങിയത്. കേസിൽ ദിലീപിന്റെ പങ്കു തെളിയിക്കാൻ പ്രോസിക്യൂഷൻ ദുർബലമാകുന്നുവെന്ന സംശയത്തിനിടെ 2021 ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലാണ് കേസിന്റെ ഗതി മാറ്റിവിട്ടത്. ഇതിൽ ഒന്നരവർഷം തുടരന്വേഷണം നടന്നു. ഒടുവിൽ 2024 ജനുവരിയിലാണ് അന്തിമവാദം തുടങ്ങിയത്.
ദിലീപിന് നിര്‍ണായകം
കൊച്ചി: എട്ടു വര്‍ഷത്തിനുശേഷം കേസില്‍ ഇന്നു വിധി വരുമ്പോള്‍ അനുകൂലമായാലും പ്രതികൂലമായാലും നടന് ദിലീപിനു നിര്‍ണായകമാകും. മലയാളസിനിമയുടെ സര്‍വ മേഖലകളിലും തലപ്പത്തുണ്ടായിരുന്ന ദിലീപ്, കേസില്‍ കുറ്റാരോപിതനായതു മുതല്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയയിരുന്നു.
താരസംഘടനയായ ‘അമ്മ’യില്‍നിന്നും പുറത്താക്കപ്പെട്ടതോടെ മലയാളസിനിമയിലെ അടുപ്പക്കാരില്നിന്നുപോലും ദിലീപ് അകലം പാലിച്ചു. ഈ അകല്‍ച്ച പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിലേക്കും കടന്നതോടെ മലയാള സിനിമാവ്യവസായത്തിൽ ദിലീപ് തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു.
ഫെഫ്കയിൽനിന്നും നിര്‍മാതാക്കളുടെ സംഘടനയിൽനിന്നും ദിലീപിനെതിരേ ശബ്ദമുയര്‍ന്നതോടെ ഹിറ്റുകള്‍ സമ്മാനിച്ച നടന് കേസിന്റെ പശ്ചാത്തലത്തില്‍ ഏറെക്കുറെ ഫീല്‍ഡ് ഔട്ടായി. പിന്നീട് ഇറങ്ങിയ സിനിമകള്‍ തുടരെ പരാജയപ്പെടുകയും സാറ്റലൈറ്റ് വാല്യു കുറയുകയും ചെയ്തതോടെ ജനപ്രീതിയും കുറഞ്ഞു.
സിനിമാ സംഘടനകളിലുണ്ടായ പടലപിണക്കവും പോരാട്ടവും, സ്ത്രീകളായ ഏതാനും ചില നടിമാര്‍ താരസംഘടന വിട്ടതും ഹേമ കമ്മിറ്റി രൂപീകരിച്ചതടക്കമുള്ള സംഭവവികാസങ്ങളും അരങ്ങേറിയത് കേസില്‍ ദിലീപ് ഉള്പ്പെട്ടതിനെത്തുടര്ന്നായിരുന്നു. ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോഴും അന്തിമവിധിക്കു ശേഷമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തൂവെന്നാണ് ദിലീപ് വ്യക്തമാക്കിയിരുന്നത്.
വിധി എതിരായാല്‍ സിനിമാ മേഖലയില്‍ ദിലീപ് ഒന്നുകൂടി ഒറ്റപ്പെടും. മറിച്ചായാല്‍ മലയാളസിനിമയില്‍ വച്ചൊഴിയേണ്ടിവന്ന സ്ഥാനങ്ങള്‍ തിരിച്ചുപിടിച്ച് കൂടുതല്‍ കരുത്തനുമാകും.
കൊച്ചി: അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. വിചാരണയ്ക്കിടെ തൊണ്ണൂറോളം ഹർജികളാണു ദിലീപ് സുപ്രീംകോടതിയിൽ ഉൾപ്പെടെ ഫയൽ ചെയ്തത്. നീതിക്കായി യുവനടിയും പലതവണ കോടതികൾ കയറിയിറങ്ങി.
അഞ്ചുതവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെത്തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെടുകയുണ്ടായി. രണ്ടു പ്രോസിക്യൂട്ടർമാർ പിന്മാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണവും ഉയർന്നു.
ദിലീപിന്റെ തൊണ്ണൂറോളം ഹർജികൾ
2017ൽ കുറ്റപത്രം സമർപ്പിച്ച് മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നല്‍കിയത് 20 ഹര്‍ജികളാണ്.
സിനിമാ ചിത്രീകരണത്തിനായി വിദേശത്തു പോകാന്‍ അനുമതി വേണം, നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു തടയണം തുടങ്ങി നിരവധി ഹർജികളാണു കോടതിയിലെത്തിയത്. 2020ല്‍ വിചാരണ തുടരവേ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി നല്കി.
ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയിലേക്കു ഹർജിയുമായി പോയെങ്കിലും ഒടുവില്‍ പിന്‍വലിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിപ്രകാരം കോടതി ഉത്തരവിട്ട തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് മേല്‍ക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യഹർജിയുമായും ഇയാൾ ഹൈക്കോടതിയിലെത്തി.
തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിലെത്തിയപ്പോള്‍ അതിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ ദിലീപിന്റെ ആവശ്യം തുടരന്വേഷണം റദ്ദാക്കണമെന്നായി. ഇതു മുൻനിർത്തിയും ഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ നടി കക്ഷിചേര്ന്നുള്ള ഇടപെടലുമുണ്ടായി. ഇത്തരത്തിൽ ആകെ 90ഓളം ഹര്‍ജികളാണു വിചാരണവേളയിൽ ദിലീപ് നല്‍കിയത്.
പോരാടി നടിയും
അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെത്തന്നെ കോടതി വിചാരണയ്ക്കു നിയോഗിച്ചത്. സാക്ഷിവിസ്താരം തുടങ്ങി എട്ടാം മാസം ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസഹര്‍ജിയുമായി അതിജീവിതയുമെത്തി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ടു. ഈ ഇടപെടലിലാണ് കേസ് ആദ്യം പരിഗണിച്ച ജില്ലാ ജഡ്ജിപോലും സംശയനിഴലിലായത്.
ഒടുവില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ മെമ്മറി കാര്‍ഡ് മൂന്നു തവണ തുറന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇത് മേല്‍ക്കോടതികള്‍ നിരസിച്ചതോടെ തന്റെ സ്വകാര്യതയ്ക്കു ഭീഷണിയെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തയയ്ക്കാനും അവർ തയാറായി. ദിലീപിനെതിരേ തെളിവില്ലെന്ന പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജിയും നടി നല്കി.
അഞ്ചു തവണയാണ് കേസില്‍ വിചാരണ നീട്ടിവച്ചത്. കോവിഡിനെത്തുടര്‍ന്നു വിചാരണ നീണ്ടതും ബാലചന്ദ്രകുമാറിന്റെ പരാമര്‍ശത്തിലുള്ള തുടരന്വേഷണവുമെല്ലാം കാരണമായി. രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ ഇടയ്ക്കുവച്ച് ഒഴിവായതും മൂന്നാമത്തെയാള്‍ക്കായുള്ള കാത്തിരിപ്പുമെല്ലാം വിചാരണനടപടികൾ വൈകിച്ചു.
നടി ആക്രമണക്കേസ് വിധി തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുമെന്നു പരാതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പുറപ്പെടുവിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷമാക്കാൻ കോടതി മുഖേന ഇലക്ഷന് കമ്മീഷന് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പരാതി. അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിംഗാണു തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയത്.
പ്രമുഖ നടന് ഉള്‍പ്പെട്ട കേസായതിനാല്‍ വിധിയുടെ ഓരോ വാക്കും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നു പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ കോടതിവിധിയെ ഗൗരവതരമായി കാണും. തെരഞ്ഞെടുപ്പിന്റെ തലേന്നു വരുന്ന വിധി വോട്ടെടുപ്പിന്റെ നിഷ്പക്ഷ നടപടിക്രമങ്ങള്‍ക്കു ഗുണകരമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : rape case