തൃശൂർ: സമൂഹത്തിലെ സമകാലികസ്ഥിതിവികാസങ്ങൾ, രാഷ്ട്രീയ, സാമൂഹിക അനീതികൾ, അധികാര ദുരുപയോഗങ്ങൾ, ജാതി മത വർണ വിവേചനം എന്നിവയെ ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയിൽ ചോദ്യംചെയ്ത് ഹൈസ്കൂൾ വിഭാഗം നാടകങ്ങൾ.
ഇതുവരെ കണ്ടിരുന്ന വാർപ്പുമാതൃകകളെ തച്ചുടച്ചാണ് മിക്ക നാടകങ്ങളും അരങ്ങിലെത്തിയത്. ഗൗരവതരമായ വിഷയങ്ങൾ കാണികളിലേക്കു സമ്മർദരൂപേണ സംവദിപ്പിക്കുക എന്ന കലോത്സവനാടകങ്ങളുടെ പൊതുരീതി വിട്ട്, കളിചിരികളും പാട്ടും നൃത്തവുമെല്ലാം കൂട്ടുപിടിച്ചുള്ള അവതരണമായിരുന്നു ഇക്കുറി. പതിനാറു നാടകങ്ങളിലെറെയും ഈ ശൈലിയിലായിരുന്നു.
ലോകരാഷ്ട്രങ്ങളെ ആകമാനം ബാധിക്കുന്ന പ്രശ്നങ്ങളിൽനിന്ന് പ്രതിപാദ്യവിഷയങ്ങൾ കേരളത്തിന്റെ ജീവിതചര്യകളിലേക്കും പൊതുവായ സ്വഭാവങ്ങളിലേക്കും ചുരുങ്ങിയതാണ് പ്രകടമായ സവിശേഷത. ഫാസിസം, വർഗീയത എന്നിവ ചർച്ച ചെയ്യുന്ന നാടകങ്ങളും പിന്നോട്ടുമാറി.
കേരളത്തിൽ പണ്ടേക്കുപണ്ടേ പറഞ്ഞുകേൾക്കുന്ന ഒരു ചെറിയ അന്ധവിശ്വാസത്തെക്കുറിച്ചാണ് കാസർഗോഡ് ഇരിയണ്ണി ജിവിഎച്ച്എസ്എസ് അവതരിപ്പിച്ച മരണപ്പാച്ചിൽ പറഞ്ഞത്. അരണ കടിച്ചാൽ മരിക്കും എന്ന കേട്ടുകേൾവി ഒരു ജീവിവിഭാഗത്തെയും അതിനൊപ്പമുള്ള മറ്റു ജീവജാലങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു നാടകത്തിന്റെ പ്രമേയം.
പരന്പരാഗത തൊഴിലുകൾ ചെയ്ത് തെരുവുകളിൽ ജീവിക്കുന്നവർ മാറുന്ന കാലത്തിൽ നേരിടുന്ന പ്രശ്നങ്ങളും പട്ടിണിയുമാണ് കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂളിന്റെ നാടകമായ സൈക്കിളിൽ. പത്തനംതിട്ട റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ചൊപ്പനം എന്ന നാടകത്തിലൂടെ മടിയനായ ഒരാൾക്കു നിധികിട്ടുന്ന കഥപറഞ്ഞ് കേരളത്തിന്റെ കാർഷികരംഗത്തെ തകർച്ച തുറന്നുകാട്ടി.
കുട്ടികളിലെ അപകർഷബോധവും മത്സരബുദ്ധിയും സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിച്ചുള്ള അതിജീവനവും, മലയാളികളുടെ മാറുന്ന ഭക്ഷണശീലം വരുത്തുന്ന വിനകളും, ബ്രോയ്ലർ ചിക്കനെപ്പോലെ വിദ്യാർഥികളെ വളർത്തിയെടുക്കുന്ന വിദ്യാഭ്യാസരീതികളും പണംനൽകി പുരസ്കാരങ്ങൾ വാങ്ങുന്ന പ്രവണതകളുമെല്ലാം നാടകപ്രമേയങ്ങളിൽ ഇടംപിടിച്ചു.
ശക്തമായ പ്രമേയങ്ങളും അപൂർവമായ രംഗസംവിധാനങ്ങളും അഭിനയവൈദഗ്ധ്യവും കൊണ്ട് ചില നാടകങ്ങൾ കാണികളുടെ കൈയടി നേടിയപ്പോൾ, ചില നാടകങ്ങളിലെ കൃത്രിമത്വവും നിലവാരത്തകർച്ചയും മടുപ്പിച്ചു.
Tags : Kerala state school youth festival Drama