തിരുവനന്തപുരം: കിൻഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും കഴക്കൂട്ടം ഫിലിം ആൻഡ് ഐടി പാർക്കിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ധാരണാപത്ര കൈമാറ്റവും നാളെ വൈകുന്നേരം നാലിനു തൈക്കാട് ഹോട്ടൽ ലെമണ്‍ ട്രീ പ്രീമിയറിൽ വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അധ്യക്ഷത വഹിക്കും.
രൂപീകൃതമായി 33 വർഷത്തിനുശേഷം ഇടപ്പഴഞ്ഞിയിൽ കിൻഫ്ര വിലയ്ക്കു വാങ്ങിയ 22 സെന്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം ഉയരുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഓഫീസ് സമുച്ചയമാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
കഴക്കൂട്ടം ഫിലിം ആൻഡ് ഐടി പാർക്കിൽ 1,77,000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്ലഗ് ആൻഡ് പ്ലേ കാന്പസ് മാതൃകയിൽ നിർമിച്ചിട്ടുള്ള ഐടി കെട്ടിം ടാറ്റ എൽക്സിക്കു കൈമാറുന്നതിനുള്ള ധാരണാപത്രവും ചടങ്ങിൽ ഒപ്പുവയ്ക്കും.
ഫെബ്രുവരിയിൽ കൊച്ചിയിൽനടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലാണ് ടാറ്റ എൽക്സി ഇവിടെ തങ്ങളുടെ പുതിയ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള താൽപര്യം പ്രകടിപ്പിച്ചത്. നിലവിൽ രണ്ടു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ടാറ്റ എൽക്സിയുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അതിനു പുറമേയാണു സമീപത്തുതന്നെ ഒന്‍പതു നിലകളിലായി നിർമിച്ച പുതിയ മന്ദിരംകൂടി ടാറ്റ എൽക്സി ഏറ്റെടുക്കുന്നത്.
Tags : KINFRA KINFRA headquarters building construction inauguration