കണ്ണൂര്‍: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ ടി.ഐ. മധുസൂദനൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങൾ.
മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയക്കാരനാണെന്നും വിമർശിക്കുന്നവരോട് തീർത്താൽ തീരാത്ത പക വയ്ക്കുന്ന നേതാവാണ് മധുസൂദനൻ എന്നും പുസ്തകത്തിൽ പറയുന്നു.
പയ്യന്നൂരിലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത് 2007ല്‍ മധുസൂദനന് ഏരിയാ സെക്രട്ടറി ആയതുമുതലാണെന്നും താനാണ് പയ്യന്നൂരിലെ നേതൃത്വം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മധുസൂദനന് ശ്രമിച്ചുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
പാര്‍ട്ടിയില്‍ ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കി സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു, ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവാണ് മധുസൂദനന്, പയ്യന്നൂരിലെ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ നോക്കി, തനിക്ക് മേലെ ആരും വളരരുത് എന്നായിരുന്നു ചിന്ത എന്നതടക്കം അതിരൂക്ഷ വിമര്‍ശനമാണ് വി. കുഞ്ഞികൃഷ്ണന് ഉയര്‍ത്തിയത്.
വിഭാഗീയത തുടങ്ങിയത് അവിടെ നിന്നാണെന്നും എല്ലായിപ്പോഴും നേതൃത്വം മധുസൂദനനെ രക്ഷിച്ചുവെന്നും പുസ്തകത്തിലൂടെ വിമര്‍ശിക്കുന്നുണ്ട്.
ആശ്രിതരെ സൃഷ്ടിക്കാനാണ് മധുസൂദനൻ ശ്രമിക്കുന്നത്. നേതൃത്വത്തെ അണികൾ തിരുത്തണം എന്നും പുസ്തകത്തിൽ വിമർശിക്കുന്നു. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു.
പുസ്തകം അടുത്ത മാസം നാലിനാണ് പുറത്തിറങ്ങുന്നത്. പുസ്തകം ജോസഫ് സി. മാത്യു പ്രകാശനം ചെയ്യും.
Tags : Kunhikrishnan book Madhusoodanan MLA