തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന ദിവസമായ ചൊവ്വാഴ്ച നടത്തിയ 20 മിനിറ്റിലേറെ നീണ്ട മറുപടി പ്രസംഗത്തിലൂടെ ചരിത്രത്തിൽ ഇടംനേടി മുഖ്യമന്ത്രി പിണറായി വിജയൻ.
തുടർച്ചയായി രണ്ട് നിയമസഭയിൽ മുഖ്യമന്ത്രിയാകാനും അവസാന സമ്മേളനത്തിൽ ഭരണപക്ഷ നേതാവായി മറുപടി പ്രസംഗം നടത്താനും അവസരം ലഭിച്ച ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
പ്രതിപക്ഷം ദേവസ്വം മന്ത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരിൽ സമ്മേളനം ബഹിഷ്കരിച്ചെങ്കിലും തന്‍റെ 20 മിനിറ്റിലേറെ നീണ്ട മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു. കേരളത്തിനുവേണ്ടി ഒരു നന്മയും ചെയ്യാൻ കൂട്ടുനില്ക്കാത്ത ഈ പ്രതിപക്ഷം കേരളം കണ്ട ഏറ്റവും മോശം ഒന്നാണെന്ന് വിമർശിച്ചു.
കേന്ദ്രം പല രൂപത്തിൽ തകർക്കാൻ ശ്രമിച്ചിട്ടും കേരളം നിരവധി രംഗങ്ങളിൽ വലിയ കുതിപ്പ് രേഖപ്പെടുത്തി. എന്നാൽ, അവയിൽ ഒന്നും പ്രതിപക്ഷം സഹകരിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
1970 ഒക്ടോബറിൽ അച്യുതമേനോൻ മുഖ്യമന്ത്രിയായ സിപിഐ - കോൺഗ്രസ് മുന്നണി അടിയന്തരാവസ്ഥയ്ക്ക് ശേഷം ആറു വർഷം കഴിഞ്ഞ് 1977 ൽ വീണ്ടും തുടർച്ചയായി അധികാരത്തിൽ വന്നെങ്കിലും മുഖ്യമന്ത്രിക്കു തുടർച്ച ഉണ്ടായില്ല. കെ. കരുണാകരൻ ആയിരുന്നു ആ മുന്നണിയുടെ രണ്ടാം ടേമിലെ മുഖ്യമന്ത്രി.
1980 മാർച്ചിൽ അധികാരത്തിൽ വന്ന നായനാർ മന്ത്രിസഭയുടെ രാജിയോടുകൂടി കെ. കരുണാകരൻ മുഖ്യമന്ത്രിയായി. 1982ലെ തെരഞ്ഞെടുപ്പിൽ വീണ്ടും കെ. കരുണാകരൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പത്തു വർഷം തികയ്ക്കാനായില്ല.
രണ്ടു തവണ മുഖ്യമന്ത്രിയായവർ കേരള ചരിത്രത്തിൽ നിരവധിയുണ്ട് എന്നാൽ, തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രി ആവുകയും നിയമസഭാ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്താൻ സാധിക്കുകയും ചെയ്ത ഏക മുഖ്യമന്ത്രിയായാണ് പിണറായി വിജയൻ ഇനി ചരിത്രത്തിൽ അറിയപ്പെടാൻ പോകുന്നത്.
തന്‍റെ മറുപടി പ്രസംഗത്തിൽ ഇനി നിയമസഭയ്ക്കു വളരെ ഗൗരവമായ നടപടിക്രമങ്ങൾ ഇല്ലാത്തതിനാൽ പിരിച്ചുവിടുന്ന കാര്യം ആലോചിക്കാമെന്നു നിയമസഭാ സ്പീക്കറോടു ശിപാർശ ചെയ്തിരുന്നു. നേരത്തെതന്നെ നിയമസഭ ഇന്നുകൂടി ഉണ്ടാകുമോ എന്ന് വ്യക്തമായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഈ ഉപദേശത്തോടു കൂടിയാണ് പതിനഞ്ചാം നിയമസഭയ്ക്ക് അവസാനമായത്.
2016 മേയ് മുതൽ 2026 മേയ് വരെയാണ് കാലാവധിയെങ്കിലും അവസാന പ്രസംഗത്തോടെ മുഖ്യമന്ത്രി ചരിത്രത്തിന്‍റെ ഭാഗമായി . നിയമസഭയ്ക്കു മാർച്ച് 26 വരെ കാലാവധിയുണ്ടായിരുന്നെങ്കിലും ഒരു ഗില്ലറ്റിൻ നടപടിയായാണ് നിയമസഭ ഒരു മാസം മുമ്പ് പിരിഞ്ഞത്.
Tags : Legislative Assembly Chief Minister speech