തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വൈകുന്നേരം നാല് വരെ 60 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിംഗ് തിരുവനന്തപുരത്തും (55.71%) കൂടുതൽ പോളിംഗ് എറണാകുളത്തുമാണ് (63.54%) രേഖപ്പെടുത്തിയത്.
ആലപ്പുഴ 62.64%, കൊല്ലം 59.68%, പത്തനംതിട്ട 57.49%, കോട്ടയം 60.02%, ഇടുക്കി 58.84% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. സ്ഥാനാർഥികൾ എല്ലാവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു മാസം നടത്തിയ പ്രചാരണം ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണ് പോളിംഗിൽ കാണാൻ കഴിയുന്നത്. ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാണെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ പറഞ്ഞു. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളൊഴിച്ചാൽ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
വോട്ടിംഗ് മെഷീൻ മാറിയതിനെ തുടർന്ന് പത്തനാപുരത്ത് തെരഞ്ഞെടുപ്പ് വൈകിയാണ് ആരംഭിച്ചത്. പട്ടാഴി പാണ്ടിത്തിട്ട ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷിനായിരുന്നു എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂർ ഡിവിഷനിലെ വോട്ടിംഗ് മെഷിനാണ് എത്തിച്ചത്.
ഇതോടെ പട്ടാഴിയിലും തലവൂരിലും വോട്ടിംഗ് വൈകിയാണ് ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നഷ്ടപ്പെട്ട സമയത്തിനു പകരമായി അധിക സമയം അനുവദിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള ഏഴുജില്ലകള്ക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13ന് രാവിലെ വോട്ടെണ്ണും.
Tags : local body election first phase voting udf ldf bjp