തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കും. 1,37,862 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ശനിയാഴ്ച മുതൽ ജില്ലകളിലെ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും.
ഡിസംബർ മൂന്നു മുതൽ അവയിൽ സ്ഥാനാർഥികളുടെ സെറ്റിംഗ് നടത്തും. സ്ഥാനാർഥികളുടെ പേരും ചിഹ്നവും സെറ്റ് ചെയ്ത ശേഷം വിതരണ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ് ഉദ്യോഗസ്ഥർക്ക് മറ്റ് പോളിംഗ് സാമഗ്രികൾക്കൊപ്പം വിതരണം ചെയ്യും. തെരഞ്ഞെടുപ്പിന് മൾട്ടി പോസ്റ്റ് ഇവിഎമ്മാണ് ഉപയോഗിക്കുക.
പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കണ്ട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളുമുണ്ടായിരിക്കും. വോട്ടിംഗ് കംപാർട്ട്മെന്റിൽ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാകും സജ്ജീകരിക്കുക. നഗരസഭകളിൽ ഒരു കണ്ട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.
ഒരു ബാലറ്റ് യൂണിറ്റിൽ 15 വരെ സ്ഥാനാർഥികളെ ക്രമീകരിക്കാനാകും. ഏതെങ്കിലും തലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാർത്ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക.
Tags : localbody election voting machine electronic voting machine election commission