തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷന്‍റെ പിൻവശത്തെ ബൈക്ക് പാർക്കിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. നിരവധി ബൈക്കുകൾ കത്തിനശിച്ചു. ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം.
റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ കറുത്ത കട്ടിപ്പുക മുകളിലേക്ക് ഉയർന്നത് കിലോമീറ്റർ ദൂരെ വരെ കണ്ടിരുന്നു. തൃശൂരിനുപുറമേ ജില്ലയിലെ മറ്റു സ്ഥലങ്ങളിൽനിന്നുമുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്.
റെയിൽവേ സ്റ്റേഷന്‍റെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള വലിയ മരത്തിനും തീ പിടിച്ചു. റെയിൽവേ സ്റ്റേഷന്‍റെ പിൻവശത്തെ വഴിയിലൂടെയുള്ള ഗതാഗതം ഫയർഫോഴ്സും പോലീസും നിരോധിച്ചിട്ടുണ്ട്.
കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തി പടരാതിരിക്കാനുള്ള തീവ്രശ്രമവും ഫയർഫോഴ്സ് നടത്തുന്നുണ്ട്. ഇതുവരെയും ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ല. ഈ ഭാഗത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളെല്ലാം ഫയർഫോഴ്സ് നീക്കം ചെയ്തു.
ഇരുമ്പ് ഷീറ്റ് മേഞ്ഞ മേൽക്കൂരയുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രമാണ് കത്തിനശിച്ചത്. ഇതിനു മുകളിലൂടെ വെള്ളം പമ്പ് ചെയ്യുന്നത് ദുഷ്കരമായിരുന്നു. തുടർന്ന് വശങ്ങളിലൂടെയും വെന്‍റിലേഷനിലൂടെയും വെള്ളം അകത്തേക്ക് പമ്പ് ചെയ്താണ് തീയണക്കാൻ ഫയർഫോഴ്സ് ശ്രമിച്ചത്. തീപിടുത്തത്തിൽ തീ ഗോളങ്ങൾ മുകളിലേക്ക് ഉയർന്ന കാഴ്ചകളും ദൃശ്യമായിരുന്നു.
പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാൽ കാലത്ത് ജാഗ്രതയിലാണ് പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയത്. സമീപകാലത്ത് തൃശൂരിലുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിത്. സമീപത്തെയും സംഭവസ്ഥലത്തെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
റെയിൽവേ ട്രാക്കിനോട് ചേർന്നാണ് തീപിടുത്തം ഉണ്ടായതെങ്കിലും ട്രാക്കിലേക്ക് പടർന്നിട്ടില്ല. ഈ ഭാഗത്തെ വീടുകളിലെ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തിനശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി.
പാർക്കിംഗ് കേന്ദ്രത്തിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു. അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. അഞ്ഞൂറോളം ബൈക്കുകൾ ഷെഡിലുണ്ടായിരുന്നു. ഷെഡിലുണ്ടായിരുന്ന എല്ലാ ബൈക്കുകളും കത്തിയതായാണ് പ്രാഥമിക നിഗമനം.
ആറരയോടെയാണ് പുക ഉയർന്നത്. ആദ്യം രണ്ട് ബൈക്കുകളാണ് കത്തിയത്. പിന്നീട് തീ പടർന്നു പിടിക്കുകയായിരുന്നു. റെയിൽവേ ലൈനിന്‍റെ മുകളിൽനിന്ന് ബൈക്കിലേക്ക് തീ വീണതാണ് തീപിടുത്തത്തിന് കാരണമായതായി സംശയിക്കുന്നത്. ഷീറ്റിട്ട് മൂടിയിരുന്ന ബൈക്കിന്റെ മുകളിലേക്കാണ് തീ വീണതെന്ന് ബൈക്ക് പാർക്കിംഗ് ഏരിയയിൽ ടിക്കറ്റ് നൽകിയിരുന്ന ജീവനക്കാരി മല്ലിക പറയുന്നു.
പെട്ടെന്ന് പുക ഉയർന്നു. ഞാൻ വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞില്ല. അതുവഴിപോയ യാത്രക്കാരെ സഹായത്തിനു വിളിച്ചു. അപ്പോഴേക്കും ബൈക്കിന്‍റെ ടാങ്ക് പൊട്ടി. തീ പടർന്നതോടെ ഞാൻ പുറത്തേക്ക് ഓടി. അഞ്ഞൂറോളം വണ്ടികൾ ഉണ്ടായിരുന്നു. ഞായറാഴ്ച ആയതിനാലാണ് വണ്ടികൾ കുറവ്. അല്ലെങ്കിൽ ആയിരത്തോളം വണ്ടികൾ ഉണ്ടാകും’–പാർക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരിയായ മല്ലിക മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂട്ടർ പാർക്ക് ചെയ്തശേഷം ടിക്കറ്റ് എടുക്കാൻ പോയതാണ്. അപ്പോഴാണ് തീ പിടിച്ചത്. ബൈക്ക് എടുക്കാൻ ചെന്നപ്പോഴേക്കും തീ ആളിപ്പടർന്നുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു.