പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം രണ്ടാംദിനത്തിലും നിലവിലെ ചാന്പ്യൻമാരായ മലപ്പുറം മുന്നേറ്റം തുടരുന്നു. 386 പോയിന്റോടെയാണ് മലപ്പുറം ഒന്നാംസ്ഥാനത്തു നിൽക്കുന്നത്. 372 പോയിന്റ് നേടി കണ്ണൂരും 364 പോയിന്റ് നേടി കോഴിക്കോടും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
സ്കൂൾതലത്തിൽ 55 പോയിന്റ് നേടി ആലപ്പുഴ പൂങ്കാവ് എംഐഎച്ച്എസ് ഒന്നും 48 പോയിന്റ് നേടി മേമുണ്ട എച്ച്എസ് രണ്ടും 47 പോയിന്റ് നേടി ഇടുക്കി ഇരട്ടയാർ എസ്ടി എച്ച്എസ്എസ് മൂന്നും സ്ഥാനങ്ങളിലാണ്. സ്കിൽ ഫെസ്റ്റിൽ 106 പോയിന്റോടെ വടകര ഉപജില്ല ഓവറോൾ കിരീടം നേടി.
99 പോയിന്റ് നേടി തൃശൂർ രണ്ടാംസ്ഥാനവും 96 പോയിന്റ് നേടി എറണാകുളം മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സ്പെഷൽ സ്കൂൾ ശാസ്ത്രോത്സവത്തിൽ 5620 പോയിന്റ് നേടി കോട്ടയം ഓവറോൾ കിരീടം നേടി.
3153 പോയിന്റോടെ എറണാകുളം രണ്ടും 3092 പോയിന്റോടെ മലപ്പുറം മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. മറ്റു ജില്ലകളുടെ പോയിന്റ് നില: പാലക്കാട് -2898, കോഴിക്കോട് -2634, തിരുവനന്തപുരം -1790, തൃശൂർ -775, കാസർഗോഡ് -495.
ഇവർ സംതിംഗ് സ്പെഷൽ
പാലക്കാട്: അവർ മാറ്റുരച്ചപ്പോൾ പരിമിതികൾ പ്രതിഭയ്ക്കു വഴിമാറി. ഏറെനാളായി കാത്തിരുന്ന ദിവസം അവർ ആഘോഷമാക്കി. മത്സരങ്ങൾക്കപ്പുറം ഒത്തുചേരാനുള്ള അവസരം മുതലാക്കി അവർ മടങ്ങിയത് എല്ലാവരുടെയും കണ്ണു നനയിച്ച്...
പാലക്കാട് ബിഇഎം സ്കൂളിൽ സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ സ്പെഷൽ സ്കൂൾ വിഭാഗം മത്സരങ്ങൾ കൈയടി നേടിയപ്പോൾ കുട്ടികളുടെ രക്ഷിതാക്കളും വീടുകളിലേക്കു മടങ്ങിയതു നിറമനസോടെ.
ബിഇഎം സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ കൂറ്റൻ പവലിയനിലായിരുന്നു മത്സരങ്ങൾ. 45 വിഭാഗങ്ങളിലായി 1050 കുട്ടികൾ പങ്കെടുത്തു. കാഴ്ചവൈകല്യമുള്ളവരുടെ 12 ഇനങ്ങളും കേൾവി വൈകല്യമുള്ളവരുടെ 22 ഇനങ്ങളിലുമായിരുന്നു മത്സരം. വിദ്യാർഥികളുടെ സൗകര്യത്തിനായി നാലു പരിഭാഷകരെ നിയോഗിച്ചിരുന്നു.
അതേസമയം, മത്സരസമയത്തു വേദിക്കരികിൽപോലും ആർക്കും പ്രവേശനമില്ലാത്തത് ഏറെ സങ്കടകരമായ അവസ്ഥയാണ് സ്കൂൾപരിസരത്തു സൃഷ്ടിച്ചത്. ഒരു താങ്ങില്ലാതെ എങ്ങനെ തന്റെ മകൻ- മകൾ എന്ന ചിന്തയിലായിരുന്നു മാതാപിതാക്കൾ.
എങ്കിലും മത്സരത്തിനുശേഷം ഈ മക്കളെല്ലാം ചിരിച്ചും കളിച്ചും തിരിച്ചുവന്നപ്പോൾ മാതാപിതാക്കൾക്കുണ്ടായ ആശ്വാസത്തിനു അതിർവരന്പുകളുണ്ടായിരുന്നില്ല. കണ്ണുകാണാനാകാത്തയവർ മേളയുടെ കണ്ണുനിറച്ചു. കേൾവിയില്ലാത്തയവർ മറ്റുള്ളവരുടെ ചെവിയിൽ പറഞ്ഞതു നന്മയുടെ സന്ദേശം തന്നെ...
മേളയുടെ ഭക്ഷണം ക്രമീകരിച്ചിരുന്നത് രണ്ടുകിലോമീറ്റർ അകലെയുള്ള ഗവ. വിക്ടോറിയ കോളജിലായിരുന്നെങ്കിലും സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കു മത്സരവേദിയായ ബിഇഎം സ്കൂളിൽ ഭക്ഷണം എത്തിച്ചു നൽകുകയായിരുന്നു.

അജയ് കാണുന്നില്ല പാഴായൊന്നും
പാലക്കാട്: ശാസ്ത്രോത്സവത്തിന്റെ വർണപ്പകിട്ടോ ചുറ്റുമുള്ള കൂട്ടുകാർ നിർമിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയോ മനോഹാരിതയോ ആസ്വദിക്കാൻ പതിനൊന്നുകാരൻ അജയിനു കഴിയില്ല. വിരൽത്തുമ്പിലൂടെ തൊട്ടറിയുന്ന അനുഭവങ്ങളാണ് കാഴ്ചയില്ലാത്ത അവനു കൂട്ട്.
ശാസ്ത്രോത്സവത്തിൽ കാഴ്ചപരിമിതികളുള്ള കുട്ടികളുടെ മത്സരത്തിൽ പഴയ ടയറിൽ പ്ലാസ്റ്റിക് കയറുകൾ കെട്ടി ഊഞ്ഞാലുണ്ടാക്കി തന്റെ കഴിവ് പ്രകടിപ്പിക്കുകയായിരുന്നു ഈ കൊച്ചുമിടുക്കൻ. അകക്കണ്ണിൽ അജയിന് ഒരു കണക്കുണ്ട്. വിരലുകൾകൊണ്ട് തപ്പിത്തടഞ്ഞ് അത് ശരിയാക്കും. ടയറിൽ തുല്യ അകലത്തിൽ മൂന്നു കയറുകൾ കെട്ടി ടയർ ബാലൻസ് ചെയ്യിച്ചാണ് ഊഞ്ഞാൽ ഒരുക്കിയത്. ഊഞ്ഞാൽ സൂപ്പറായിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അജയിന് അടക്കാനാകാത്ത സന്തോഷം.
അജയിന്റെ കുടുംബം കോഴിക്കോട് വാടകവീട്ടിലാണ് കഴിയുന്നത്. റഹ്മാനിയ സ്കൂളിൽനിന്നാണ് വരുന്നത്. അച്ഛൻ ബാലു. അമ്മ ഉഷ. ചേട്ടൻ വിജയ്ക്കും അസുഖമുണ്ട്. ചേച്ചിയുണ്ട്, വിദ്യ.
പാഴ്വവസ്തുക്കൾകൊണ്ട് ഉത്പന്നം ഉണ്ടാക്കലായിരുന്നു മത്സരവിഷയം. വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾകൊണ്ട് മനോഹരമായ ടീപ്പോയിയും ടയർകൊട്ടയുമൊക്കെ അജയ് നിർമിച്ചു.

റിവർ വേസ്റ്റ് കളക്ടറുമായി നിഹാലും ദീപ്തിയും
പാലക്കാട്: ജലാശയങ്ങളിലെയും വെള്ളം കെട്ടിനിൽക്കുന്ന ഓടകളിലെയും മാലിന്യങ്ങൾ നീക്കംചെയ്യൽ ഈസിയാക്കി ഒറ്റപ്പാലം ചുനങ്ങാട് എവിഎം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസുകാരായ മുഹമ്മദ് നിഹാലും കെ.കെ. ദീപ്തിയും.
റിവർ വേസ്റ്റ് കളക്ടർ എന്ന ഈ സാങ്കേതികവിദ്യയുടെ ചെറിയ രൂപമാണ് നിർമിച്ചത്.ഇതിന്റെ വലിയ രൂപം നിർമിച്ചാൽ കായലുകളിലും മറ്റു വലിയ ജലാശയങ്ങളിലും തിങ്ങിനിറയുന്ന മാലിന്യം നീക്കുന്നത് ഈസിയാക്കാമെന്ന് നിഹാലും ദീപ്തിയും പറയുന്നു.

ഈ വണ്ടിയിൽ സേഫാണ്
പാലക്കാട്: വാഹനം ഓടിച്ചുപോകുന്നതിനിടെ ഡ്രൈവർക്ക് ബോധക്ഷയമോ വാഹനം നിയന്ത്രിച്ചു കൊണ്ടുപോകാൻ കഴിയാത്ത ഹൃദയാഘാതമോ മറ്റ് അപായ സാഹചര്യമോ ഉണ്ടായാൽ എന്തുചെയ്യും... വാഹനം സുരക്ഷിതമായി ഇടതുഭാഗത്തു നിർത്തുന്നതിനുള്ള സാങ്കേതികവിദ്യ ഒരുക്കി തൃശൂർ കൂട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസുകാരായ അനന്തു കൃഷ്ണയും ആദിദേവ് ഗിരീഷും കുട്ടിശാസ്ത്രജ്ഞർക്കിടയിൽ ശ്രദ്ധേയരായി.
സ്മാർട്ട് ആൻഡ് സേഫ് ഡ്രൈവിംഗ് സിസ്റ്റം എന്ന സംവിധാനത്തിന് ബസർ, ആർഡിനോ ബോർഡ്, സർവോ മോട്ടോർ ഉൾപ്പെടെ 15 സാമഗ്രികളാണ് ഉപയോഗിച്ചിട്ടുള്ളത്. രാജ്യത്തെ തിരക്കേറിയ ട്രാഫിക് സാഹചര്യങ്ങളിൽ ഏറെ ജനോപകാരപ്രദമാണ് സിസ്റ്റമെന്നാണ് ഈ മിടുക്കരുടെ കണ്ടെത്തൽ.
അപായസാഹചര്യങ്ങളിൽ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യും. വിവരം ഫയർഫോഴ്സിനെയും പോലീസിനെയും അറിയിക്കലും സ്വയമേവ നടത്തും. ഇടതുഭാഗത്തേക്കുള്ള ഇൻഡിക്കേറ്റർ ഓണായി ഒപ്പം പ്ലീസ് സ്ലോ എന്ന ബോർഡും പിറകിൽ തെളിഞ്ഞുവരും. വാഹനം പ്രശ്നത്തിലാണെന്ന് സമീപവാസികളെയും മറ്റു വാഹനങ്ങളെയും അറിയിക്കാൻ സ്പീക്കർസംവിധാനവുമുണ്ട്.
യുട്യൂബിന്റെയും ഗൂഗിളിന്റെയും സഹായത്തോടെയാണ് ഇവരുടെ കണ്ടെത്തൽ. കള്ളന്മാരെ പിടികൂടാനുള്ള നൂതന സംവിധാനവും ഇവർ നേരത്തേ ഉണ്ടാക്കിയിരുന്നു.

കളിമണ്ണിൽ നീലിന്റെ കവിത
പാലക്കാട്: പരിമിതികളുണ്ടെങ്കിലും നീൽ മാത്യുവിന്റെ ശില്പകലയിൽ പരിമികൾ കണ്ടെത്താൻ കഴിയില്ല. ആരെയും വിസ്മയിപ്പിക്കുന്ന സൗന്ദര്യമുണ്ട് നീൽ മാത്യുവിന്റെ കളിമൺ ശില്പങ്ങൾക്ക്. ശാസ്ത്രോത്സവത്തിൽ കേൾവിപരിമിതരുടെ കാർപെന്റെർ (ആശാരി) ശില്പനിർമാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് നീൽ മാത്യു താരമായത്.
പത്തനംതിട്ട അടൂർ മണക്കാലയിൽ കേൾവിപരിമിതർക്കായുള്ള സിഎസ്ഐ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് ബാച്ച് വിദ്യാർഥിയാണ് നീൽ മാത്യു. കോട്ടയം കുമരകം കറുകക്കുറ്റിയിൽ ഷാജു കെ. ജോയ് - ജമീല ദമ്പതികളുടെ മകൻ.
ഇടതുകൈയിൽ ചുറ്റിക പിടിച്ച് കസേരയുണ്ടാക്കുന്ന ശില്പമാണ് നീൽ മാത്യു കളിമണ്ണിൽ തീർത്തത്. ശില്പത്തിന്റെ പൂർണതയും തനിമയുമാണ് എല്ലാവരെയും അതിശയിപ്പിച്ചത്. ശില്പങ്ങളുടെ കൂട്ടത്തിൽ ഒറ്റപ്പെട്ടുനിന്ന ഈ ശില്പസൗന്ദര്യം ആസ്വദിക്കാൻ വൻ തിരക്കായിരുന്നു.
കഴിഞ്ഞ വർഷം ആലപ്പുഴയിൽ നടന്ന ശാസ്ത്രോത്സവത്തിൽ രണ്ടാംസ്ഥാനം ലഭിച്ചിരുന്നെന്നു നീൽ മാത്യുവിന്റെ ടീച്ചർ ഷൈനി പറഞ്ഞു.

വേദികളിൽ മികവോടെ വോളന്റിയേഴ്സ്
പാലക്കാട്: ശാസ്ത്രോത്സവ വേദികളിൽ ഊർജം പകർന്ന് വോളന്റിയേഴ്സ്. വിവിധ സ്കൂളുകളിലെ എൻസിസി, എസ്പിസി, എൻഎസ്എസ്, സ്കൗട്ട്, ഗൈഡ്, ജെആർസി, എസ്എസ്എസ്എസ് കേഡറ്റുകൾ എല്ലാ വേദികളിലും നിറസാന്നിധ്യമാണ്. രാവിലെ 8.30 മുതൽ വൈകുന്നേരം മത്സരങ്ങൾ അവസാനിക്കുന്നതുവരെ ഇവരുടെ സേവനം ഉറപ്പ്.
പ്രോഗ്രാം, ലോ ആൻഡ് ഓർഡർ, ഭക്ഷണം, ഗ്രീൻ പ്രോട്ടോകോൾ, വിഎച്ച്എസ്ഇ എക്സ്പോ, പബ്ലിസിറ്റി, മീഡിയ, റിസപ്ഷൻ, ട്രോഫി, ലൈറ്റ് ആൻഡ് സൗണ്ട്, വെൽഫെയർ തുടങ്ങി എല്ലാ സബ് കമ്മിറ്റികൾക്കും വോളന്റിയേഴ്സിനെ നിയോഗിച്ചിരിക്കുന്നത് വോളന്റിയർ കോ-ഓർഡിനേഷൻ കമ്മിറ്റിയിലൂടെയാണ്.
സീനിയർ കേഡറ്റുകളും ചുമതല വഹിക്കുന്ന അധ്യാപകരും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 1200-ലധികം വോളന്റിയർമാർ സേവനം അനുഷ്ഠിച്ചു.
വോളന്റിയർ കമ്മിറ്റി കൺവീനർ ലെഫ്. പി. ഹംസയാണ്. പങ്കെടുക്കുന്ന മുഴുവൻ കേഡറ്റുകൾക്കും ഡ്യൂട്ടി സർട്ടിഫിക്കറ്റും സ്ഥാപനങ്ങൾക്കും അധ്യാപകർക്കും പ്രശംസാപത്രവും നൽകും.
Tags : State School Science Festival Special school