നെടുമ്പാശേരി: ദുബായിൽനിന്ന് നാട്ടിലേക്കു വന്ന യുവാവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി മർദിച്ച് മൊബൈൽ ഫോണും സാധനങ്ങളടങ്ങിയ ബാഗും തട്ടിയെടുത്തശേഷം ആറംഗ സംഘം വഴിയിൽ തള്ളി.
കാസർഗോഡ് കിഴക്കേക്കര തവക്കൽ മൻസിലിൽ അബ്ദുൾ ഹമീദിന്റെ മകൻ മുഹമ്മദ് ഷാഫി (40)യെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലർച്ചെ 12.30ഓടെ എയർ ഇന്ത്യ എക്സ്പ്രസിൽ കൊച്ചിയിലിറങ്ങിയ ശേഷം ഇന്റർനാഷണൽ ടെർമിനലിൽനിന്നു പ്രീ-പെയ്ഡ് ടാക്സി കൗണ്ടറിലേക്കു പോകുമ്പോൾ പിന്നിൽനിന്നു വന്ന മൂന്നുപേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലമായി ഫോർച്യൂണർ കാറിൽ കയറ്റിയെന്നും കാറിൽ മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നതായും മുഹമ്മദ് ഷാഫി പറയുന്നു.
ഒരുലക്ഷം രൂപ വിലവരുന്ന ഐഫോണും ഹാൻഡ് ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും പ്രതികൾ കൈക്കലാക്കിയെന്നും സ്വർണം എവിടെയാണെന്നു ചോദിച്ച് മർദിച്ചെന്നും മുഹമ്മദ് ഷാഫി പറഞ്ഞു. പല സ്ഥലങ്ങളിലായി കറങ്ങിയ ശേഷം 2.30ഓടെ ആലുവ പറവൂർകവലയിൽ ഇറക്കിവിട്ടു. ഉപദ്രവിച്ച കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
ദുബായ് അജ്മാനിൽ കാസർഗോഡ് സ്വദേശി അമീർ, മലപ്പുറം സ്വദേശി സമീർ എന്നിവർ നടത്തുന്ന കഫറ്റീരിയയിൽ ഡെലിവറി ബോയ് ആയാണ് മുഹമ്മദ് ഷാഫി ജോലി ചെയ്യുന്നത്. 2024 മേയിലാണ് ഒടുവിൽ നാട്ടിലെത്തി മടങ്ങിയത്. ആദ്യമായിട്ടാണ് നെടുമ്പാശേരി വിമാനത്താവളം വഴി വരുന്നത്. ആലുവ ഡിവൈഎസ്പി പി.കെ. രാജേഷിന്റെ നേതൃത്വത്തിൽ നെടുമ്പാശേരി പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോകലിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Tags : robbed at Kochi airport