തിരുനാവായ: എസ്ഐആർ അപേക്ഷ പൂരിപ്പിക്കാനെന്ന വ്യാജേന സ്ത്രീവേഷത്തിലെത്തി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. പുത്തൻപീടിയേക്കൽ ഷാക്കിർ (34) ആണ് പിടിയിലായത്.
കരിങ്കപ്പാറ ഹംസ ഹാജിയുടെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. ഇവരുടെ അയൽവാസിയാണ് പിടിയിലായ ഷാക്കിർ. വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഹംസ ഹാജി പള്ളിയിൽ പോയതിന് പിന്നാലെയാണ് ഷാക്കിർ സ്ത്രീ വേഷത്തിൽ വീട്ടിലെത്തിയത്.
എസ്ഐആറുമായി ബന്ധപ്പെട്ട അപേക്ഷ പൂരിപ്പിക്കണമെന്ന് പ്രതി നഫീസയോട് ആവശ്യപ്പെട്ടു. തുടർന്ന് ഇതിനാവശ്യമായ രേഖകളെടുക്കാൻ നഫീസ മുറിയിലേക്ക് പോയപ്പോൾ, പ്രതി പിന്നാലെയെത്തി വീട്ടമ്മയെ ഉപദ്രവിച്ച് ആഭരണങ്ങൾ കവരുകയായിരുന്നു.
പ്രതിയുടെ ശബ്ദത്തിൽ നിന്ന് വീട്ടിലെത്തിയത് പുരുഷനാണെന്ന് നഫീസ മനസിലാക്കിയിരുന്നു. പ്രതി വന്നു പോയപ്പോൾ മറന്നുവച്ച ബുക്ക് കേസിൽ നിർണായക തെളിവായി. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ നഫീസ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് മോഷണം പോയ ആഭരണങ്ങൾ കണ്ടെടുത്തു. ഇയാളെ തെളിവെടുപ്പിനായി ശനിയാഴ്ച സംഭവസ്ഥലത്തെത്തിച്ചു. ഷാക്കിറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Tags : kerala police crime news theft case thirunavaya