തൃശൂർ: കോൺഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റവിവാദത്തിൽ ഒടുവിൽ സമവായം. ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു.
പഞ്ചായത്ത് സെക്രട്ടറിക്കും കെപിസിസി നേതൃത്വത്തിനും തിങ്കളാഴ്ച രാജിക്കത്ത് കൈമാറുമെന്ന് കോൺഗ്രസ് വിമതർ അറിയിച്ചു. റോജി എം. ജോൺ എംഎൽഎ നടത്തിയ ചർച്ചയിലൂടെയാണ് സമവായത്തിന് വഴിയൊരുങ്ങിയത്.
നൂര്ജഹാൻ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടി.എം.ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. എന്നാൽ പ്രസിഡന്റ് ടെസി ജോസ് രാജിവെക്കില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി ടെസി ജോസിനെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസിലെ എട്ട് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്.
Tags : Mattathur Panchayat Vice President resigned udf ldf nda