തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുമരിച്ച സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഇന്ന് കൈമാറും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള മൂന്നംഗ വിദഗ്ധ സമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് കൈമാറുന്നത്.
അന്വേഷണ റിപ്പോർട്ട് സീൽഡ് കവറിൽ ഡിഎംഇക്ക് കൈമാറിയിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ. നിലവിൽ ആരോപണ വിധേയനായ ഡോ. ബിന്ദു സുന്ദർ സസ്പെൻഷനിലാണ്. വിദഗ്ധ സമിതി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഡോ. ബിന്ദു രണ്ടുതവണ 5000 രൂപ വീതം കൈക്കൂലി വാങ്ങിയെന്ന് കുഞ്ഞിന്റെ പിതാവ് ബിനിൽ മൊഴി നൽകിയിരുന്നു. ഡോ. ബിന്ദുവിനെതിരെ ഡിഎംഒയ്ക്കും ആശുപത്രി സൂപ്രണ്ടിനുമടക്കം മുമ്പും പരാതികൾ ലഭിച്ചിരുന്നു. ഇതും വിദഗ്ധ സമിതി പരിശോധിച്ചു.
Tags : medical negligence new born child death investigation report nedumangad hospital