ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന പരാതിയിൽ വിദഗ്ധ സംഘം ഇന്നു തെളിവെടുക്കും. വാഹനാപകടത്തെത്തുടർന്ന് പരിക്കേറ്റ് ചികിത്സ തേടിയ തുറവൂർ വളമംഗലം മേനോംവീട്ടിൽ രാധാകൃഷ്ണപിള്ളയുടെ കൈയിൽനിന്നുമാണ് 63 ദിവസത്തിനു ശേഷം അഞ്ചു ചില്ലു കഷ്ണം പുറത്തെടുത്തിരുന്നു.
കഴിഞ്ഞ ഡിസംബർ 16ന് കളവംകോടം പാലത്തിനു സമീപം തെരുവ് നായ വട്ടം ചാടിയതിനെത്തുടർന്നു രാധാകൃഷ്ണപിള്ള സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോയുടെ ചില്ലുകൾ ഇദ്ദേഹത്തിന്റെ കൈയിൽ തറച്ചുകയറിയിരുന്നു.
തുടർന്നു ചേർത്തല ഗവ. ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, അന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വിശദമായി പരിശോധിക്കാതെ മുറിവിൽ ഡ്രസ് ചെയ്തു വിട്ടെന്നും രാധാകൃഷ്ണ പിള്ള പറഞ്ഞു. രണ്ടു മാസം പിന്നിട്ടിട്ടും മുറിവ് ഉണങ്ങാതെ വരികയും കടുത്ത വേദന ഉണ്ടാകുകയും ചെയ്തതോടെ ചേർത്തലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന് മുറിവിൽനിന്ന് അഞ്ചു ചില്ല് കഷ്ണങ്ങൾ പുറത്തെടുത്തു. ഇതോടെ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിലാണെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. മന്ത്രി വീണാ ജോർജിനും മുഖ്യമന്ത്രി പിണറായി വിജയനും രാധാകൃഷ്ണപിള്ള പരാതി നൽകി. ഇതിനെത്തുടർന്നാണ് വിദഗ്ധസംഘം ഇന്ന് ആശുപത്രിയിൽ എത്തുന്നത്.
Tags : Medical Negligence CherthalaTaluk Hospital