കൊച്ചി: കലൂര്‍ ജെഎല്‍എന്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിന്‍റെ നിര്‍മാണം വൈകുന്നത് സര്‍ക്കാരിന് ചെലവ് കൂട്ടുന്നു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക്‌ലൈനിന്‍റെ നിര്‍മാണം ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് കാക്കനാട് വരെയുള്ള ആദ്യ അഞ്ചു സ്റ്റേഷനുകളിലേക്ക് ജൂണില്‍ സര്‍വീസ് ആരംഭിക്കുമെന്ന് വ്യക്തമാക്കി.
അതുപ്രകാരം പാലാരിവട്ടം ജംഗ്ഷന്‍, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍ എന്നീ സ്റ്റേഷനുകളിലേക്ക് ആദ്യം സര്‍വീസ് തുടങ്ങും. രണ്ടാം ഘട്ടത്തില്‍ ബാക്കി വരുന്ന സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക് എന്നിവ രണ്ടാം ഭാഗമായി ഡിസംബറില്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ രണ്ടാം ഘട്ടത്തിന്‍റെ ആദ്യ ഭാഗം ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കാനായിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ. നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഘട്ടത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ നാലു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രണ്ടാം ഘട്ടത്തിന്‍റെ ആദ്യ ഭാഗം മാത്രമാകും പൂര്‍ത്തിയാവുക.
ഇത് നഗരത്തില്‍ വലിയ ഗതാഗത കുരുക്കിന് കാരണമാകും. മെട്രോയുടെ പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ നിലവില്‍ വലിയ ഗതാഗത കുരുക്ക് കൊച്ചിയിലുണ്ട്. പണികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കുന്നത് ചെലവും ഗതാഗത കുരുക്കും വര്‍ധിപ്പിക്കും. നിര്‍മാണ മേഖലയിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ്‌ലൈന്‍ മാറ്റുന്നതില്‍ ഉള്‍പ്പെടെ കാലതാമസം വന്നു.
വാഴക്കാലയിലും പടമുകളിലും സ്റ്റേഷനുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ലഭിച്ചിട്ടില്ലെന്നും ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. തടസങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ രാത്രിയും പകലും നിര്‍മാണം നടക്കുന്നുണ്ട്.
അങ്കമാലിയിലേക്കുള്ള മെട്രോ മൂന്നാം ഘട്ടത്തിന്‍റെ വിശദമായ പദ്ധതി രൂപരേഖ മാര്‍ച്ച് പകുതിയോടെ തയാറാകുമെന്നും ലോക്നാഥ് ബഹ്‌റ പറഞ്ഞു. എന്നാല്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാകാതെ എന്ന് മൂന്നാം ഘട്ടം ആരംഭിക്കുമെന്ന് ആശങ്കയിലാണ് ജനങ്ങള്‍.
Tags : Metro government kochi metro