കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചുവെന്ന് മന്ത്രി പി. രാജീവ്. വിധിയുടെ പൂർണ ഭാഗം കിട്ടിയിട്ടില്ലെന്നും അതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
നല്ല വിധി ആയിട്ടാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണ് വിധിയെന്നും രാജീവ് കൂട്ടിച്ചേർത്തു.
കേസില്‍ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കും 20 വർഷം കഠിനതടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ച് കൂട്ടബലാത്സംഗ കേസിൽ നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കോടതി വിധിച്ചത്. വിചാരണ കാലയളവിലെ അനുഭവിച്ച ജയിൽ വാസക്കാലം ഒഴിവാക്കി തടവ് ശിക്ഷ അനുഭവിച്ചാൽ മതി.
ഒന്നാം പ്രതി പൾസർ സുനിക്ക് വിവിധ വകുപ്പുകൾ പ്രകാരം 2,75,000 രൂപ പിഴയും മറ്റ് പ്രതികൾക്ക് 50, 000 രൂപ പിഴയും വിധിച്ചു. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും കോടതി പറഞ്ഞു. പ്രതികളെ വിയ്യൂർ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
Tags : actress attack case punishment verdict minister p rajeev