ചെങ്ങന്നൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മന്ത്രി സജി ചെറിയാൻ മുളക്കുഴ പഞ്ചായത്ത് വാർഡ് പതിനൊന്നിലെ കൊഴുവല്ലൂർ സിഎംഎസ് എൽപിഎസിൽ വോട്ട് രേഖപ്പെടുത്തി.
രാവിലെ 8.30-ന് ഭാര്യയ്ക്കൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്. ജില്ലാ പഞ്ചായത്ത് മുളക്കുഴ ഡിവിഷൻ സ്ഥാനാർഥിയും സഹോദരന്റെ മകനുമായ നിതിൻ ചെറിയാനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി, ഇത്തവണയും മികച്ച വിജയം നേടുമെന്നും കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രകടനം ഉണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
30 വർഷമായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് മുളക്കുഴ. തുടർഭരണം ഉണ്ടാകുമെന്നും കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വിജയം ഉണ്ടാകുമെന്നും ഉറപ്പാണ്. ആലപ്പുഴ ജില്ലയിൽ മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ കാലാവസ്ഥ വളരെ അനുകൂലമാണ് - അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ മുന്നണി ഗവൺമെന്റിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ ജനങ്ങൾ വളരെയധികം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഭരണത്തുടർച്ച ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വിശ്വാസ സമൂഹം ആഗ്രഹിക്കുന്നതിന്റെ എല്ലാ അർഥത്തിലും ഗൗരവത്തിലുമാണ് കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്. അതുകൊണ്ട് ആശങ്കയുടെ കാര്യമില്ല.
സിനിമാ കേസിലെ പ്രോസിക്യൂഷൻ നിലപാടിനെ ഒരു വിഭാഗം ശരിവയ്ക്കുന്നുണ്ട്. അതിജീവിതയ്ക്ക് ആദ്യഭാഗത്തുതന്നെ നീതി കിട്ടി. രണ്ടാമതുള്ളത് ഗൂഢാലോചനയുടെ ഭാഗമാണ്. ഏതെങ്കിലും ഒരാളെ കുറ്റവാളിയാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. കൃത്യമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കോടതിയിലുള്ള കാര്യമാണ്.
കോടതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ വെറുതെവിട്ടത്. സ്വാഭാവികമായും ഈ വിഷയത്തിൽ ഗവൺമെന്റ് ഒരു തീരുമാനമെടുക്കും. അപ്പീലിനു പോകും. ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്-മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Tags : Minister Saji Cherian Cpm Ldf victory