കൊച്ചി: തമിഴ്നാട്ടില്‍നിന്നു മൂന്നു മാസം മുമ്പ് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി സിറ്റി വനിതാ പോലീസ്. നാഗര്‍കോവില്‍ സ്വദേശിനിയായ ഡോ. ശ്രീവിദ് യ(39) ആണ് കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ സിബി കെ. ദാസിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ചത്.
ഈ മാസം ഒന്നിനു രാത്രി പത്തോടെ വൈറ്റില ഹബ്ബില്‍ ഒരു യുവതി ഇരുന്നു കരയുന്നതു കണ്ട് പട്രോളിംഗ് സംഘം കണ്ട്രോള് റൂം വാഹനത്തില്‍ ഇവരെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്വന്തം പേരും താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമേ ഇവര്‍ക്ക് ഓര്മയുണ്ടായിരുന്നുള്ളൂ.
ഇവരെ താത്കാലികമായി താമസിപ്പിക്കുന്നതിനായി വനിതാ പോലീസ് സംഘം കാക്കനാട്ടെ ‘സഖി’യില്‍ എത്തിച്ചെങ്കിലും യുവതിക്കു മാനസിക പ്രശ്നമുണ്ടെന്നു പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞു.
തുടര്‍ന്ന് കാക്കനാടെ സ്നേഹിതയില്‍ താത്കാലിക അഭയം നല്കി. അന്വേഷണത്തിനൊടുവില്‍ സൗത്ത് ജനതാ റോഡില്‍ വനിതാ ഡോക്ടര്‍ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി.
അവിടെ പരിശോധിച്ചപ്പോൾ ഡോക്ടറുടെ ബാഗും ഐ ഫോണും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെത്തുകയായിരുന്നു. എന്നാല്‍, ഐ ഫോണിന്റെ ലോക്ക് തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ ഫോണ്‍ ലോക്ക് മാറ്റുന്നതിനു സൈബര്‍ സെല്ലിനു നിര്‍ദേശം നല്കി.
പോലീസ് സംഘം ഫോണിലുണ്ടായിരുന്ന നമ്പറില്‍ ബുധനാഴ്ച ബന്ധപ്പെട്ടപ്പോള്‍ അത് വനിതാ ഡോക്ടറുടെ മുന്‍ ഭര്‍ത്താവിന്റേതായിരുന്നു. സൈക്യാട്രിസ്റ്റായ ഇദ്ദേഹവും വനിതാ ഡോക്ടറും ഇപ്പോള്‍ പിരിഞ്ഞു താമസിക്കുകയാണ്.
സൈക്യാട്രിസ്റ്റ് നല്കിയ മൊബൈല്‍ നമ്പറില്‍ യുവതിയുടെ മാതാപിതാക്കളെ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് മൂന്നു മാസം മുമ്പ് നാഗര്‍കോവില്‍ പോലീസ് ഡോക്ടറുടെ തിരോധാനവുമായി ബന്ധപ്പെട്ട് മിസിംഗ് കേസ് എടുത്തിട്ടുള്ളതാണെന്ന വിവരം ലഭിച്ചത്.
Tags : female doctor Missing Tamil Nadu found Kochi