തിരുവനന്തപുരം: കേരളാ സ്പോർട്സ് കൗണ്‍സിലിലും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള അണിയറ നീക്കം സജീവം. ഭരണസമിതിയുടെ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
കൗണ്‍സിലിൽ ഇപ്പോൾ താത്കാലിക ജോലി ചെയ്യുന്ന ഇരുപത്തിയഞ്ചോളം പേരെ സ്ഥിരപ്പെടുത്തണമെന്നാണു സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ സർക്കാരിനോടു ശിപാർശ ചെയ്തിരിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ടവരിൽ ചിലർ ക്രമക്കേടിന്റെ പേരിൽ താത്കാലിക ജോലി നഷ്ടപ്പെട്ട് പിന്നീട് ഭരണസ്വാധീനത്താൽ തിരികെ എത്തിയവരുമാണ്.
തങ്ങൾക്ക് താത്പര്യമുള്ളവരെ മാത്രം ഉൾപ്പെടുത്തിയ പട്ടികയാണ് ഇവർ സർക്കാരിലേക്കു സമർപ്പിച്ചത്. ഇതോടെ ഇവരുടെ അപ്രീതിക്ക് ഇരയായ പല താത്കാലികക്കാരും പട്ടികയ്ക്കു പുറത്താവുകയും ചെയ്തു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ന്യായീകരിച്ച് മുൻ കായികതാരംകൂടിയായ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലിതന്നെ രംഗത്തെത്തി.
പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ കൗണ്‍സിൽ പ്രസിഡന്റ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന നിലപാടാണു സ്വീകരിച്ചത്. നിരവധി കായികതാരങ്ങൾ ജോലി ലഭിക്കാതെ പുറത്തു നില്‍ക്കുമ്പോഴാണ് താത്കാലികക്കാരെ ഇത്തരത്തിൽ സ്ഥിരപ്പെടുത്താൻ നീക്കം.
Tags : Sports Council Temporary staff Thiruvananthapuram