തൃശൂർ: ഹോളിഫാമിലി കോണ്‍വന്റിൽ സ്ഥിരമായി വോട്ടുചെയ്തിരുന്ന 16 സന്യാസിനിമാരുടെ പേരുകൾ മുന്നറിയിപ്പില്ലാതെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്നു പരാതി.
ഹോളിഫാമിലി, മഡോണ, മരീന കോണ്‍വന്റുകളിലെ സന്യാസിനിമാരെയാണ് ഒഴിവാക്കിയത്. 12-ാം വാർഡിലെ നാലാം നന്പർ ബൂത്തിൽ സ്ലിപ്പുമായി എത്തിയപ്പോഴാണ് 16 പേരെ ഒഴിവാക്കിയെന്ന വിവരമറിഞ്ഞത്. ആകെ 42 വോട്ടുകളാണു കോണ്വന്റിലുള്ളത്.
തെരഞ്ഞെടുപ്പു കമ്മീഷന് കൃഷ്ണകുമാർ അറയ്ക്കപ്പറന്പിൽ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നാണു വിവരം. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാതിരിക്കാൻ നവംബർ 13നു രേഖകൾ ഹാജരാക്കണമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് അയച്ചെങ്കിലും 19നാണ് കൈയിൽ കിട്ടിയതെന്നു പറയുന്നു. അഞ്ചു പേർക്കാണു നോട്ടീസ് ലഭിച്ചത്.
മൂന്നു കോണ്വന്റുകളിലുമുള്ള സന്യസ്തർക്കു രണ്ടുമൂന്നു വർഷം കൂടുന്പോൾ തൊട്ടടുത്തയിടങ്ങളിലേക്കു സ്ഥലംമാറ്റമുണ്ടാകാറുണ്ട്. വിവിധ പ്രായത്തിലുള്ളവരായതിനാൽ യാത്രാസൗകര്യം കണക്കിലെടുത്താണ് വോട്ടുചെയ്യുന്ന സ്ഥലം മാറ്റാതിരുന്നതെന്നു സുപ്പീരിയർ സിസ്റ്റർ ജെയ്സി ജോണ്‍ പറഞ്ഞു. ഇക്കുറിയും സ്ലിപ്പടക്കം ലഭിച്ചിരുന്നു.
ഇതുമായി ബൂത്തിലെത്തിയപ്പോഴാണ് പേരു റദ്ദാക്കിയ വിവരം അറിയുന്നത്. സ്ഥലംമാറിപ്പോയവരുടെ വോട്ടുകളാണു റദ്ദായത്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ് ലഭിച്ചപ്പോൾതന്നെ സ്ഥലം കൗണ്‍സിലറെ വിവമറിയിച്ചിരുന്നെന്നും സിസ്റ്റർമാർ പറഞ്ഞു. നേരത്തേ ചെന്പൂക്കാവ് ഡിവിഷന്റെ ഭാഗമായിരുന്നു ഹോളിഫാമിലി കോണ്‍വന്റ്. മണ്ഡലപുനർനിർണയം വന്നപ്പോൾ ഗാന്ധിനഗർ ഡിവിഷനായി മാറി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുപ്പീരിയർ സിസ്റ്റർ ജെയ്സി ജോണ്‍ ജില്ലാ തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടർക്കു പരാതി നൽകി.
കുട്ടംകുളങ്ങര ഡിവിഷനിൽ നൂറ്റന്പതോളം പേർക്കു വോട്ടുചെയ്യാൻ കഴിഞ്ഞില്ലെന്നു കൗണ്‍സിലർ എ.കെ. സുരേഷ് ആരോപിച്ചു.
Tags : without voting Names cut off nuns nuns returned Kerala local body election