തലശേരി: കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നല്കിയ ഹർജിയില്‍ കോടതി വാദം കേട്ടു.
തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) മുമ്പാകെയാണ് വാദം കേട്ടത്. പ്രതിയുടെ ഫോണ്‍ സംഭാഷണം അന്വേഷണസംഘം മുമ്പാകെ ഹാജാരാക്കിയില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യക്കുവേണ്ടി ഹാജരായ അഭിഭാഷകന് ജോണ്‍ എസ്. റാല്‍ഫ് വാദിച്ചു. അതിനാല്‍ പുനരന്വേഷണം വേണം.
അതേസമയം, പുനരന്വേഷ ണത്തിന്റെ ആവശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാര്‍ പറഞ്ഞു. അന്വേഷണസംഘം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പ്രോസിക്യൂട്ടര്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു. കേസിലെ പ്രതിയും മുൻ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയുടെ അഭിഭാഷകന് കെ. വിശ്വന് ഹാജരായിരുന്നെങ്കിലും വാദിക്കാനുള്ള അവസരം ലഭിച്ചില്ല. കേസ് 26ലേക്കു വീണ്ടും പരിഗണിക്കാനായി കോടതി മാറ്റുകയായിരുന്നു.
നേരത്തേ നടന്ന അന്വേഷണത്തില്‍ സംശയം ഉന്നയിച്ചാണ് നവീന്‍ ബാബുവിന്റെ കുടുംബം ഹർജി നല്‍കിയത്. പരാതിയില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞമാസം പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. 2024 ഒക്ടോബര്‍ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Tags : Naveen Babu death Manjusha phone conversation