കൊച്ചി: നവജാത ശിശുവിന് അത്യാധുനിക ചികിത്സയിലൂടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പുതുജീവൻ നൽകി. നാല് കിലോ ഭാരവുമായി ജനിച്ച കുഞ്ഞിന് കടുത്ത ശ്വാസതടസവും ശരീരമാകെ നീല നിറം ബാധിക്കുന്ന സയനോസിസ് എന്ന അതീവ ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എക്കോ പരിശോധനയിൽ ഹൃദയസമ്മർദം ക്രമാതീതമായി ഉയർന്നതായും അതീവ അപകടകാരിയായ പെഴ്സിസ്റ്റന്റ് പൾമണറി ഹൈപ്പർടെൻഷൻ ഉള്ളതായും കണ്ടെത്തി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വെന്റിലേറ്റർ സഹായം ഉൾപ്പെടെയുള്ള ചികിത്സകൾ ലഭ്യമാക്കിയെങ്കിലും നില സങ്കീർണമായി തുടർന്നു. നൂറ് ശതമാനം ഓക്സിജൻ നൽകിയിട്ടും കുഞ്ഞിന്റെ ഓക്സിജൻ നില 75-80 ശതമാനത്തിലേക്ക് താഴുകയും രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞതും സ്ഥിതി കൂടുതൽ വഷളാക്കി.
കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ചികിത്സയുടെ മൂന്നാം ദിവസം ഇൻഹേൽഡ് നൈട്രിക് ഓക്സൈഡ് തെറാപ്പി ആരംഭിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ശ്വാസകോശത്തിലെ രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുന്ന ഈ ആധുനിക ചികിത്സാരീതിയിലൂടെ കുഞ്ഞിന്റെ ആരോഗ്യനിലയിൽ ദ്രുതഗതിയിലുള്ള പുരോഗതിയാണ് ഉണ്ടായത്. ഏഴ് മുതൽ എട്ട് ദിവസത്തെ തീവ്രമായ ചികിത്സയ്ക്കും നിരീക്ഷണത്തിനും ശേഷം കുഞ്ഞ് പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് മടങ്ങി.
നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജിനോ ജോസഫ്, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. നൈസ് ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് സങ്കീർണമായ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.
Tags : Nitric Oxide treatment Newborn baby apollo hospital angamaly