മഞ്ചേരി: നിപ അതിജീവിത വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. നാലര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അതിജീവിതയെ ഡിസ്ചാർജ് ചെയ്തത്.
രോഗിയെ പരമാവധി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ട മെഡിക്കല്‍ ബോര്‍ഡ് ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ലഭ്യമാക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫിസിയോതെറാപ്പി വിഭാഗത്തിലാണ് ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കിയത്.
ദീര്‍ഘകാലം വിദഗ്ധ ചികിത്സ ഉറപ്പാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിച്ച മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ജൂലൈ നാലിന് നിപ ബാധിതയായ സ്ത്രീയെ ഇഎംഎസ് ആശുപത്രിയില്‍നിന്നു മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചപ്പോൾ രോഗി പൂര്‍ണമായും അബോധാവസ്ഥയിലായിരുന്നു. ഇടക്കിടക്ക് അപസ്മാരവും രക്തസമ്മര്‍ദം കുറയുകയും ചെയ്തിരുന്നു. രോഗിക്ക് ആവശ്യമായ ഐസൊലേഷന്‍ റൂമും ഒരു ലക്ഷത്തോളം വിലവരുന്ന ആല്‍ഫാ ബെഡ് ഉള്‍പ്പടെയുള്ള മറ്റെല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു.
Tags : Nipah hospital treatment leaves hospital