കണ്ണൂര്‍: എസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസമനുഭവിക്കുന്ന നന്ദകുമാറിനും പരോള്‍. നേരത്തേ ലഭിച്ച പരോള്‍ കാലാവധി കഴിഞ്ഞ് കൂട്ടുപ്രതിയായ വെള്ളൂരിലെ വി.കെ. നിഷാദ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് അന്നൂരിലെ ടി.സി.വി. നന്ദകുമാര്‍ പരോളില്‍ പുറത്തിറങ്ങിയത്.
അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി. ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടെ പയ്യന്നൂര്‍ ബൈപാസ് റോഡില്‍ പട്രോളിംഗ് നടത്തുകയായിരുന്ന എസ്ഐ കെ.പി. രാമകൃഷ്ണനും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരേ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലായിരുന്നു ഇരുവരെയും ശിക്ഷിച്ചിരുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരം 20 വര്‍ഷത്തെ തടവും രണ്ടര ലക്ഷം രൂപ വീതം പിഴയുമായി രുന്നു ശിക്ഷ.
ഇതിനിടെ നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ നിഷാദ് 46-ാം വാര്‍ഡില്‍നിന്നു വിജയിച്ചിരുന്നു.അപ്പോഴേക്കും ശിക്ഷാവിധി വന്നതിനെത്തുടര്‍ന്ന് കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്യാനായില്ല.
പരോളിലിറങ്ങിയ നിഷാദ് സിപിഎം നേതൃത്വത്തിനെതിരേ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ വി. കുഞ്ഞികൃഷ്ണനെതിരേയുള്ള പ്രകടനത്തില്‍ പങ്കെടുത്തത് പരോള്ചട്ട ലംഘനമാണെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു. പോലീസിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികള്‍ക്കു പരോള്‍ അനുവദിച്ചതും വിവാദമായിരുന്നു.
Tags : Nandakumar Nishad parol V.K. Nishad