കൊച്ചി: നിയമപരമായ അവകാശങ്ങള്‍ക്കായി ഒരു പൗരനും ഉദ്യോഗസ്ഥവൃന്ദത്തിനു മുന്നില്‍ തലകുനിക്കരുതെന്ന് ഹൈക്കോടതി. വീടിനും ജീവനും ഭീഷണിയായി സമീപത്തെ പറമ്പില്‍ നില്ക്കുന്ന വന്‍ മരങ്ങള്‍ മുറിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തിയ 92കാരനെ പ്രശംസിച്ചാണു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാമര്‍ശം.
ഹര്‍ജിക്കാരന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച കോടതി, കവി ടി.എസ്. തിരുമുമ്പിന്റെ “തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം; തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും; പിറവി തൊട്ടു നാളെത്രയെന്നെണ്ണുമപ്പതിവുകൊണ്ടല്ലളപ്പതെന് യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന് തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന് യൗവനം..”
എന്ന വരികള്‍ ഉത്തരവില്‍ ഉദ്ധരിച്ചു.
പ്രതിരോധമന്ത്രാലയം മുന്‍ ഉദ്യോഗസ്ഥന് കൊച്ചി പള്ളുരുത്തി സ്വദേശി സി.ജെ. മാത്യൂസാണ് (92) നീണ്ട നിയമപോരാട്ടം നടത്തിയത്. വര്‍ഷങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത ഇദ്ദേഹത്തിന് ഹൈക്കോടതി കൈത്താങ്ങായി മാറുകയായിരുന്നു.
ഭീഷണി സൃഷ്ടിക്കുന്ന രണ്ടു മരങ്ങള്‍ ഒരു മാസത്തിനകം നീക്കം ചെയ്യാന്‍ കോടതി കൊച്ചി കോര്പറേഷന് സെക്രട്ടറിക്കു നിര്‍ദേശം നല്കി. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടറും ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയും ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളില്‍ മരം മുറിക്കുന്നതിന് സ്ഥലമുടമയ്ക്ക് നോട്ടീസ് പോലും നല്‍കാതെ ഇടപെടാന്‍ മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം നഗരസഭാ സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
ആള്‍പാര്‍പ്പില്ലാത്ത പറമ്പിലെ മരങ്ങളുടെ കൊമ്പുകളും വേരുകളും തന്റെ വീടിനും വാട്ടര്‍ ടാങ്കിനുമടക്കം കേടുപാടുണ്ടാക്കിയെന്ന് ഹര്ജിക്കാരൻചൂണ്ടിക്കാട്ടി. മഴയും കാറ്റും വരുമ്പോള്‍ ജീവഭയമുണ്ട്. സമീപത്തെ പറമ്പ് കാടുപിടിച്ച് ഇഴജന്തുക്കളും വവ്വാലുകളും നിറഞ്ഞു. 2017ലാണ് ഹര്ജിക്കാരന് ആദ്യം ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയത്. അന്വേഷണത്തിന് ആര്‍ഡിഒ നിര്‍ദേശിച്ചെങ്കിലും മരങ്ങള്‍ നീക്കാനുള്ള നടപടിയുണ്ടായില്ല.
ഹര്ജിക്കാരന് ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ നിയമോപദേശം തേടി. തുടര്‍ന്ന് രാമേശ്വരം വില്ലേജ് ഓഫീസര്‍ പരിശോധന നടത്തി അപകടാവസ്ഥയുണ്ടെന്ന് കോര്‍പറേഷനെ ഉള്‍പ്പെടെ അറിയിച്ചു. എന്നിട്ടും നടപടിയുണ്ടായില്ല.
ഹര്ജിക്കാരന് ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഉചിതമായ നടപടിക്കു നിര്‍ദേശമുണ്ടായി. എന്നാല്‍ കോർപറേഷന് തൊഴിലാളികളെത്തി കാടുകള്‍ മാത്രം വെട്ടി മടങ്ങി. ഇതിനു പിന്നാലെയാണ് വിഷയം ഹൈക്കോടതിയില്‍ എത്തിയത്.
സിവില്‍ തര്‍ക്കമുള്ളതിനാല്‍ പ്രവേശനവിലക്കുണ്ടെന്നാണ് മരം നില്ക്കുന്ന ഭൂമിയുടെ അവകാശികള്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് നോട്ടീസില്ലാതെ നടപടിയെടുക്കാന്‍ സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് കോടതി വിശദീകരിച്ചത്.
Tags : Kerala High Court citizen officials cut down trees legal battle