കൊച്ചി: ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരെ 'ഗുണ്ടകൾ' ആയി കണക്കാക്കി കരുതൽ തടങ്കലിൽ പാർപ്പിക്കാൻ നിയമപരമായി സാധിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ ചുമതലപ്പെടുത്തി. ലഹരിമരുന്ന് ഉപയോഗവും വ്യാപനവും സമൂഹത്തിന് വലിയ ഭീഷണിയാണെന്നും ഇക്കാര്യത്തിൽ കോടതികൾ കർശന നിലപാട് സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, പി. ഗോപിനാഥ്, എ. ബദറുദ്ദീൻ, എം.ബി. സ്നേഹലത, ജോബിൻ സെബാസ്റ്റ്യൻഎന്നിവരടങ്ങിയ ഫുൾ ബെഞ്ച് നിരീക്ഷിച്ചു.
ലഹരി വിരുദ്ധ നിയമപ്രകാരം കുറ്റം ചെയ്യുന്നവരെ കാപ്പ ചുമത്തി 'ഗുണ്ട' വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിലെ അവ്യക്തതയാണ് കോടതി പരിശോധിക്കുന്നത്. കാപ്പ നിയമത്തിൽ 'ലഹരിമരുന്ന് കൈവശം വെക്കുന്നത്' ഗുണ്ടയായി പ്രഖ്യാപിക്കാൻ മതിയായ കാരണമാണോ, അതോ 'സംഭരണം' തന്നെ വേണോ എന്നതാണ് പ്രധാന തർക്കം.
ചെറിയ അളവിൽ ലഹരിമരുന്ന് കൈവശം വെച്ചതിന്റെ പേരിൽ ഒരാളെ കരുതൽ തടങ്കലിൽ വെക്കാൻ പാടില്ലെന്ന മുൻകാല വിധി പുനഃപരിശോധിക്കാനാണ് അഞ്ചംഗ ബെഞ്ചിന്റെ തീരുമാനം. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ കൂടാതെ ഒരു വർഷം വരെ തടങ്കലിൽ വെക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമമാണ് കാപ്പ.
സാധാരണയായി ഗുണ്ടകൾ, മണൽ മാഫിയകൾ, ലഹരി മാഫിയകൾ എന്നിവർക്കെതിരെയാണ് ഇത് പ്രയോഗിക്കുന്നത്. ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട ഒരാളെ ഗുണ്ട ആയി പ്രഖ്യാപിക്കണമെങ്കിൽ അയാൾ ഒരേ കുറ്റം ആവർത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അഞ്ചംഗ ബെഞ്ചിന്റെ വിധി വരുന്നതോടെ ഈ കാര്യത്തിൽ നിയമപരമായ വ്യക്തത കൈവരും.
Tags : drug cases 'goonda' list Five-judge bench Kerala High Court