തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ എസ്എൻഡിപി യോഗവും എൻഎസ്എസും ഒന്നിച്ച് അണിനിരക്കാൻ തീരുമാനിച്ചതിൽ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ഒരു വിഭാഗത്തിന് ആശങ്ക. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരവേ രണ്ടു ഭൂരിപക്ഷ ഹൈന്ദവ സംഘടനകൾ പരസ്യമായി രംഗത്തു വരുന്നതിലാണ് കോണ്‍ഗ്രസിലേയും യുഡിഎഫിലെയും ഒരു വിഭാഗം ആശങ്ക ഉയർത്തുന്നത്.
എന്നാൽ വർഗീയതയ്ക്കെതിരേ പരസ്യ നിലപാട് സ്വീകരിക്കുന്നതിൽ വെള്ളം ചേർക്കാനില്ലെന്നും ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതു വഴി കൂടുതൽ പേരുടെ പിന്തുണ നേടാൻ ഇടയാക്കുമെന്നുമാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ അഭി പ്രായം. സതീശനെതിരേ രംഗത്തു വരാൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസിന്റെ കൂടി പിന്തുണ ഉറപ്പിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പത്രസമ്മേളനം നടത്തുന്നതിനിടെ മന്ത്രി വി.എൻ. വാസവന്റെ ഫോണ്‍ വിളിയെത്തിയതു തന്നെ ഇത്തരം നീക്കത്തിന്റെ ഉദാഹരണമായി കോണ്‍ഗ്രസ് നേതൃത്വം എടുത്തു പറയുന്നു. വർഗീയതയ്ക്കെതിരേ പരസ്യനിലപാട് സ്വീകരിക്കുന്നതുവഴി സിപിഎമ്മിൽ വി.എസ്. അച്യുതാനന്ദന് സമൂഹത്തിൽ വലിയ തോതിൽ പൊതുസ്വീകാര്യത കൈവരിക്കാൻ കഴിഞ്ഞിരുന്നു. വർഗീയതയ്ക്കെതിരേ സതീശൻ സ്വീകരിക്കുന്ന നിലപാടും ജനപിന്തുണ ഉയർത്താൻ ഇടയാക്കുമെന്ന അഭിപ്രായത്തിനും യുഡിഎഫിലും കോണ്‍ഗ്രസിലും മുൻതൂക്കമുണ്ട്.
കാന്തപുരം നയിക്കുന്ന ജാഥയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന് മറുപടി പ്രസംഗമെന്ന നിലയിലാണ് വി.ഡി. സതീശൻ വെള്ളാപ്പള്ളി നടേശനെതിരേ രംഗത്ത് എത്തിയത്. വലിയ വാർത്താ പ്രാധാന്യം നേടിയ പ്രസംഗത്തിനു പിന്നാലെയാണ് വെള്ളാപ്പള്ളി നടേശൻ, ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്നായിരുന്നു ഒരേ സമയം വാർത്താ സമ്മേളനവും. ഇരുവരും ലക്ഷ്യമിട്ടതു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വ്യക്തിപരമായിട്ടു മാത്രമായിരുന്നു.
അതേസമയം, എല്ലാ സമുദായ നേതാക്കളുമായും കോണ്‍ഗ്രസ് സൗഹാർദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിനെതിരേ പ്രതിപക്ഷ നേതാവ് രംഗത്തു വരുന്നതു ശരിയല്ലെന്നുമുള്ള നിലപാട് കോണ്‍ഗ്രസിലെ സതീശൻ വിരുദ്ധ ചേരിക്കുണ്ട്. രാഹുൽ ഗാന്ധി ഇന്നു കൊച്ചിയിൽ എത്തുന്പോൾ ഇതുസംബന്ധിച്ച പരാതികൾ ഉയരാനും സാധ്യതയേറെയുണ്ട്.
എന്നാൽ, രാഹുൽ ഗാന്ധിയെ റോൾ മോഡലാക്കി വർഗീയതയ്ക്കെതിരേ കേരളത്തിൽ കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് സതീശൻ വിഭാഗം പറയുന്നത്. വെള്ളാപ്പള്ളിയുടെയും സുകുമാരൻനായരുടെയും പത്രസമ്മേളനത്തിനു ശേഷവും സതീശൻ മാധ്യമ പ്രവർത്തകരെ കണ്ട് പറഞ്ഞതും വർഗീയയ്ക്കെതിരേയുള്ള പോരാട്ടത്തെക്കുറിച്ചായിരുന്നു.
രണ്ടു ഭൂരിപക്ഷ സമുദായ നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ പരസ്യമായി രംഗത്ത് എത്തിയിട്ടും മറ്റു രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവർക്ക് പരസ്യമായി രംഗത്ത് എത്താൻ കഴിയാതിരുന്നതും ഏറെ ചർച്ചയായിട്ടുണ്ട്.
മറ്റു മത വിഭാഗങ്ങളുടെ ഏകീകരണം ഇതുവഴിയുണ്ടായി കോണ്‍ഗ്രസിനും യുഡിഎഫിനും നേട്ടമുണ്ടാകുമോ എന്ന ആശങ്കയും ബിജെപി അടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട്. ഇതാണ് പലരും മൗനം പാലിച്ചതിനു പിന്നിലും.
എൻഎസ്എസ്- എസ്എൻഡിപി ഐക്യമുണ്ടാകുന്നത് നല്ലതാണെന്ന അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ തുടക്കത്തിൽ തന്നെ രംഗത്തെത്തിയിരുന്നു.
Tags : NSS-SNDP alliance Satheesan