കൊച്ചി: വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ 20 കൗണ്സിലര്മാരില്നിന്നു ഹൈക്കോടതി വിശദീകരണം തേടി.
വിവിധ ദൈവങ്ങളുടെയും പ്രസ്ഥാനത്തിന്റെയും ബലിദാനികളുടെയും മറ്റും പേരുകളില്‍ നടത്തിയ സത്യപ്രതിജ്ഞയുടെ സാധുത കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി.
നിയമപ്രകാരമല്ലാതെ നടത്തിയ സത്യപ്രതിജ്ഞ അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ. എസ്.പി. ദീപക് നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
അയ്യപ്പനാമത്തില്‍, ഗുരുദേവ നാമത്തില്‍, കാവിലമ്മയുടെ നാമത്തില്‍ എന്നിങ്ങനെ എടുത്തുപറഞ്ഞാണ് പല കൗണ്‍സിലര്‍മാരും പ്രതിജ്ഞ ചൊല്ലിയതെന്നും ഇതു കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 143-ാം വ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
നിശ്ചിതസമയത്തിനുള്ളില്‍ നിയമപരമായി പ്രതിജ്ഞ ചെയ്യാന്‍ എതിര്‍കക്ഷികളായ അംഗങ്ങളോടു നിര്‍ദേശിക്കണമെന്നും അതുവരെ ഇവരെ കൗണ്‍സിലില്‍നിന്നു വിലക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഇവര്‍ വോട്ട് ചെയ്തതും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
വിഷയത്തില്‍ വിശദമായി വാദം കേള്‍ക്കുമെന്നു വ്യക്തമാക്കിയ കോടതി, സര്‍ക്കാരിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഉള്‍പ്പെടെ നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു.
Tags : Oath taking High Court BJP councillors Thiruvananthapuram Corporation