കൊച്ചി: ക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തെ വികലമാക്കി ചിത്രീകരിച്ചെന്ന പരാതികള്‍ ഉയര്‍ന്നതോടെ ടോം വട്ടക്കുഴിയുടെ ചിത്രം പിന്‍വലിച്ച് ബിനാലെയിലെ "ഇടം' വീണ്ടും തുറന്നു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് ചിത്രം പിന്‍വലിച്ചത്.
വിവാദങ്ങളെ തുടര്‍ന്ന് മട്ടാഞ്ചേരി ഇരുമ്പിച്ചിയിലെ പ്രദര്‍ശന വേദിയായ ഇടം ഗാര്‍ഡന്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു. ഇനി ആ കലാസൃഷ്ടി പ്രദര്‍ശിപ്പിക്കില്ലെന്നും വേദി വീണ്ടും തുറന്നതായും ബിനാലെ അധികൃതര്‍ അറിയിച്ചു.
അതേസമയം, ചിത്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക സഭയും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിനാലെ വേദിയില്‍ പ്രതിഷേധിച്ചിരുന്നു. എറണാകുളം സ്വദേശിയായ തോമസ്, ലത്തീന്‍ കാത്തോലിക് അസോസിയേഷന്‍, കൊച്ചി രൂപതാ സമിതി പ്രസിഡന്‍റ് എന്നിവര്‍ ജില്ലാ കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
2016ല്‍ ഭാഷാപോഷിണി മാസികയില്‍ പ്രസിദ്ധീകരിച്ച് വിവാദമായ ചിത്രമാണ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചത്. ഈ ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയും അജണ്ടയും ഉണ്ട് എന്നായിരുന്നു വിവിധ സംഘടനകളുടെ ആരോപണം.
Tags : Painting the Last Supper Kochi Biennale reopen