x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലാ നഗരസഭ ചെയര്‍മാന്‍: പുളിക്കക്കണ്ടം ജനകീയ സഭ തീരുമാനിക്കും


Published: December 17, 2025 10:32 AM IST | Updated: December 17, 2025 04:00 PM IST

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയില്‍ വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരന്‍ ബിജു പുളിക്കകണ്ടം, ബിനുവിന്‍റെ മകള്‍ ദിയ പുളിക്കകണ്ടം എന്നിവര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുമായി ജനസഭ വിളിച്ചു ചേര്‍ക്കും.

ഇവരുടെ മൂന്നു വാര്‍ഡുകളുടെയും സംയുക്ത ജനസഭ 21നു വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍മാന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ നടത്തും.

ജനകീയ സഭയില്‍ വന്‍ ജനപങ്കാളിത്തമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മ കൗണ്‍സിലേഴ്‌സിന്‍റെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.

എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നിര്‍ണായകമാണ്. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും നേതാക്കള്‍ ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ തുടരുകയുമാണ്. മൂന്നു പേര്‍ക്കെതിരെയും യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

ഇതിനിടയില്‍ പാലാ എംഎല്‍എ മാണി സി. കാപ്പന്‍ മുന്‍കൈയെടുത്ത് നഗരസഭയില്‍ പുതിയ ഫോര്‍മുല വച്ചതായാണ് സൂചന. ആദ്യ രണ്ടര വര്‍ഷം ബിനുവിന്‍റെ മകള്‍ ദിയ ചെയര്‍മാനാകും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ് പുറത്താക്കിയ സ്വതന്ത്രയായി വിജയിച്ച മായാ രാഹുല്‍ ചെയര്‍പേഴ്‌സണാകും. അഞ്ചു വര്‍ഷവും ബിനു പുളിക്കകണ്ടം വൈസ് ചെയര്‍മാനും.

എന്നാല്‍ ഈ തീരുമാനത്തോട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജിച്ചു. അവര്‍ക്കും ചെയര്‍പേഴ്‌സണ്‍ പദവി വേണമെന്നാണ് ആവശ്യം. ജോസഫ് ഗ്രൂപ്പിനും രണ്ടു പ്രതിനിധികളുണ്ട്. ഇവരും ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നു വരുകയാണ്.

എല്‍ഡിഎഫ് നേതൃത്വം ബിനു പുളിക്കകണ്ടത്തെ സമീപിച്ചെങ്കിലും ജോസ് കെ.മാണിയോടുള്ള എതിര്‍പ്പു മൂലം ബിനു തുടര്‍ ചര്‍ച്ചകള്‍ക്ക് തയാറായില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി ചൊവ്വാഴ്ച പ്രതികരിച്ചത്.

Tags : Pala Municipality Binu Pulikkakandam Chairman Jose K Mani

Recent News

Up