കണ്ണൂര്‍: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് ആരോപിച്ച് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ മുൻ നേതാവ് വി. കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം ഇന്നു വൈകുന്നേരം പ്രകാശനം ചെയ്യും. അതേസമയം, പുസ്തകം ഇറങ്ങുന്നതിനു മുന്‍പ് കണക്കുകൾ വെളിപ്പെടുത്താൻ സിപിഎമ്മിനെ ഗ്രന്ഥകർത്താവ് വെല്ലുവിളിച്ചു.
പുസ്തകത്തിൽ ഫണ്ട് വെട്ടിപ്പ് അക്കമിട്ട് പ്രതിപാദിക്കുന്നുണ്ട്. പുസ്തകം പുറത്തിറങ്ങിയശേഷം അതിലുള്ള കണക്കുകൾക്കനുസരിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കള്ളക്കണക്കുകൾ ഉണ്ടാക്കാനാണ് സിപിഎം നീക്കമെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
രക്തസാക്ഷി ഫണ്ടിന്റെ കണക്കുകൾ വെളിപ്പെടുത്തുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും ജില്ലാ സെക്രട്ടറിയുടെയും പ്രസ്താവനകൾക്ക് മറുപടിയായാണ് വി. കുഞ്ഞികൃഷ്ണൻ നേതൃത്വത്തെ വെല്ലുവിളിച്ചിരിക്കുന്നത്. വി. കുഞ്ഞികൃഷ്ണന്റെ വെല്ലുവിളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമപ്രവർത്തകരോട് കണക്കു പുറത്തുവി ടാൻ മനസില്ലെന്നായിരുന്നു പ്രതികരണം.
എന്നാൽ, അഞ്ചു വര്‍ഷത്തോളമായി ഫണ്ട് തിരിമറി വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടും തന്നെ ബോധ്യപ്പെടുത്താൻ പോലുമുള്ള ഒരു കണക്ക് പാർട്ടി കമ്മിറ്റിയിലുണ്ടായില്ല. തന്നെ പുറത്താക്കാന്‍ ചേര്‍ന്ന കമ്മിറ്റിക്ക് ശേഷം ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലും ഇതുമായി ബന്ധപ്പെട്ട വിശദീകരണമുണ്ടായില്ലെന്നാണ് അറിഞ്ഞതെന്നും കുഞ്ഞികൃഷ് ണൻ പറഞ്ഞു.
ഇന്നു വൈകുന്നേരം പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലാണ് പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. ചിന്തകനും എഴുത്തുകാരനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന പ്രഫ.എം.എൻ. വിജയന്റെ മകന് ഡോ. വി.എസ്. അനില്‍കുമാറിനു കോപ്പി നല്കി ജോസഫ് സി. മാത്യു പ്രകാശനം നിർവഹിക്കും. വി.എസ്. അച്യുതാനന്ദനാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ പുസ്തകപ്രകാശനം നടക്കുന്നിടത്ത് കനത്ത സുരക്ഷയൊരുക്കുമെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ് കുമാര്‍ പറഞ്ഞു.
Tags : CPM Payyannur fund controversy Book release V. Kunjikrishnan