കൊച്ചി: സ്കൂളിലേക്കു പോയ പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ സ്വദേശിയായ യുവാവിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് കാണിച്ച് പെൺകുട്ടി എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി.
ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) യെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കുറിപ്പ് ലഭിച്ചത്. കഴിഞ്ഞ 19ന് കൊറിയൻ സ്വദേശിയായ യുവാവ് മരിച്ചു. ഇയാളുടെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് പെൺകുട്ടി കുറിപ്പിൽ എഴുതിയിരിക്കുന്നത്.
സംഭവത്തിൽ ചോറ്റാനിക്കര പേലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് ശരിക്കും മരിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആദിത്യയുടെ ഫോൺ അടക്കമുള്ള വസ്തുക്കൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.
ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുപരിസരത്തെ ക്വാറിയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്കൂള്‍ ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പോലീസും നടത്തിയ പരിശോധനയില്‍ പാറമടയ്ക്കുള്ളിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Tags : student death instagram korean man police case