കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം അപഹരിച്ച ആദ്യ കേസില്‍ സ്വാഭാവിക ജാമ്യം.
കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹർജിയില്‍ വാദം കേട്ടശേഷം നിയമപരമായ സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് ജാമ്യം അനുവദിച്ചത്. 2025 ഒക്ടോബര്‍ 17നാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണികൃഷ്ണന് പോറ്റി ജാമ്യഹർജി നല്‍കിയിരുന്നത്.
റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നു പ്രതിഭാഗം വാദിച്ചു. എന്തുകൊണ്ടാണ് കുറ്റപത്രം സമര്പ്പിക്കാത്തതെന്നു കോടതി ചോദിച്ചു. കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഉണ്ടെന്നും വിശദമായ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. പ്രതിക്കു സ്വാഭാവിക ജാമ്യം നല്കിയാല് കര്‍ശന ഉപാധികള്‍ വേണമെന്നു പ്രോസിക്യൂഷന് വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതന്നും തെളിവ് നശിപ്പിക്കരുതെന്നും പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണമെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
അതേ സമയം, കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പോറ്റി ജയിലില്‍ തുടരും. രണ്ടാം കേസില്‍ 90 ദിവസം തികയാന്‍ ഇനിയും മൂന്നാഴ്ചകൂടിയുണ്ട്. ഇതിനിടയില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിയിലേക്കാണ് പ്രത്യേക സംഘം ഒരുങ്ങുന്നത്. ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചേക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു വിവിധ ഘട്ടങ്ങളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേസില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് അന്വേഷണത്തിനായി കോടതി സമയം നീട്ടിനല്‍കിയതെന്നാണ് കുറ്റപത്രം കോടതിയില്‍ നല്കാന് താമസിച്ചതില്‍ അന്വേഷണ സംഘത്തിന്റെ വിശദീകരണം. കുടുതലായി കണ്ടെത്തിയ വിവരങ്ങള്‍ കൂടി അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ അനുമതിയോടെ ഇടക്കാല കുറ്റപത്രം ഉടന്‍ എസ്ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
അതേസമയം,തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയും ഇന്നലെ കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചു. രണ്ടു കേസിലും പ്രതിചേർത്ത മുരാരി ബാബുവിനെ ഒക്ടോബർ 23നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായിട്ടും ഇതുവരെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്നലെ മുരാരി ബാബു ജാമ്യാപേക്ഷ സമർപ്പിച്ചു.
വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും കോടതി നടപടികൾക്കുശേഷം തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അതിനിടെ തന്ത്രി കണ്ഠരരെ കസ്റ്റഡിയില്‍ വേണമെന്ന എസ്ഐടിയുടെ അപേക്ഷയും തന്ത്രി നല്കിയ ജാമ്യപേക്ഷയും ഇന്നു പരിഗണിക്കും.
Tags : gold robbery case Sabarimala Gold theft sabarimala swarnapali Sabarimala Goldpali Unnikrishnan potty