കൊച്ചി: വൈദികർ മിശിഹായോടുള്ള സ്നേഹത്താൽ പ്രചോദിതരായി സഭയെ പടുത്തുയർത്തേണ്ടവരാണെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2025 -26 വർഷത്തിൽ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശികമായ ചിന്തകൾക്കപ്പുറം സീറോമലബാർ സഭാംഗങ്ങളാണെന്നുള്ള സ്വത്വബോധം വൈദികരിൽ രൂപപ്പെടണം. നമ്മുടെ പുരാതനമായ സഭാ പൈതൃകത്തിൽ അറിവും അഭിമാനവുമുള്ളവരായി മാറണമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
വിവിധ രൂപതകൾക്കും സന്യാസ സമൂഹങ്ങൾക്കുമായി പൗരോഹിത്യം സ്വീകരിക്കുന്ന സീറോമലബാർ സഭാംഗങ്ങളായ 250 ഡീക്കന്മാരാണു സഭാ ആസ്ഥാനത്ത് ഒരുമിച്ചുകൂടിയത്. ക്ലർജി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, ഫാ. ബോബി ജോസ് കട്ടിക്കാട്, കൂരിയ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ക്ലർജി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. സഭയിലെ വൈദികർക്കുവേണ്ടിയുള്ള കമ്മീഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഡീക്കന്മാരുടെ സമ്മേളനം നടന്നത്.
Tags : Major Archbishop Priests build the Church mar raphael thattil