ആലപ്പുഴ: കുട്ടനാട് തലവടിയിൽ പെൺകുട്ടിയെ വഴിയിൽ ഇറക്കിവിട്ടതിന്റെ വൈരാഗ്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് യുവാക്കൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
തലവടി ആനപ്രമ്പാൽ വടക്ക് പുത്തൻപറമ്പ് വീട്ടിൽ ഓട്ടോഡ്രൈവർ അനിൽകുമാറിനെ (38) കൊന്ന കേസിൽ ഒന്നാംപ്രതി ആനപ്രമ്പാൽ നോർത്ത് കളങ്ങര ഭാഗത്ത് വീട്ടിൽ അമൽ (അപൂസ്-27), രണ്ടാം പ്രതി അനപ്രമ്പാൽ നോർത്ത് കൊച്ചുപറമ്പ് വീട്ടിൽ കെവിൻ (25) എന്നിവരെയാണ് ശിക്ഷിച്ചത്. ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ്.ഭാരതി ആണ് ശിക്ഷ വിധിച്ചത്.
തെളിവുകളുടെ അഭാവത്തിൽ മൂന്നാം പ്രതി രാഹുലിനെ വെറുതെവിട്ടു. 2019 ജനുവരി 14ന് രാത്രി 12.30നാണ് കേസിനാസ്പദമായ സംഭവം. കെവിന്റെ സഹോദരിയെ എടത്വ പച്ചയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരികെ ഓട്ടോയിൽ കൊണ്ടുവരുന്നതിനിടെ വഴിയിൽ ഇറക്കിവിട്ടതിന്റെ വിരോധത്താലാണ് പ്രതികൾ അനിൽകുമാറിനെ ആക്രമിച്ചത്.
അനിൽകുമാറിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഭാര്യയുടെ മുന്നിലിട്ട് ആക്രമിച്ച് കൊലപെടുത്തുകയായിരുന്നു. സംഭവത്തിൽ ഭാര്യ സന്ധ്യക്കും ഗുരുതര പരിക്കേറ്റിരുന്നു. ഭാര്യ സന്ധ്യയുടെ മൊഴി രേഖപ്പെടുത്തിയാണ് എടത്വ പോലീസ് കേസെടുത്തത്.
Tags : autodriver murder case kuttanad punishment