തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ നിരാഹാര സമരം അവസാനിപ്പിച്ചു. തനിക്ക് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും രാഹുൽ ജയിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. മൂന്നു ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച രാഹുലിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.
ഇതിനു പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നല്കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അറസ്റ്റിലായതോടെ ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു.
പുരുഷൻമാർക്കുവേണ്ടിയുള്ള സ്വാതന്ത്ര്യ സമരമാണ് താൻ നടത്തുന്നതെന്ന് നിരാഹാരം ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. ദിവസങ്ങളായി ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Tags : rahul easwar hunger strike jail