കേരള രാഷ്ട്രീയത്തില്‍ അതിവേഗം ഉദിച്ചുയര്‍ന്ന താരമാണ് പാലക്കാട് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രിയെയും മറ്റ് മുതിര്‍ന്ന നേതാക്കളെയുമൊക്കെ പേരെടുത്ത് വിളിച്ച് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രാഹുലിന്റെ പതനവും അതിവേഗമായിരുന്നു. എന്എസ്യു ചുമതലകളില്‍ ഡല്‍ഹിയില്‍ സജീവമായിരുന്ന രാഹുലിനെതിരെ നേരത്തെ മുതല്‍ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അധികാരവും പണവും ബന്ധങ്ങളും കൈമുതലായി വളര്‍ന്ന രാഹുലിന് നാളിതുവരെ ആരോപണങ്ങളെയെല്ലാം പുച്ഛിച്ചുതള്ളാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പാലക്കാട് എംഎല്‍എയായി ജയിച്ച 2024 ഡിസംബര്‍ നാല് കൃത്യം ഒരു വര്‍ഷത്തിനിപ്പുറം താന്‍ വളര്‍ന്ന തന്നെ വളര്‍ത്തിയ പാര്‍ട്ടിയില്‍ നിന്നും നാണംകെട്ട് പുറത്തേക്ക് പോകേണ്ടി വരികയാണ്.
ലൈംഗിക കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ പാര്‍ട്ടിയും പരസ്യമായി കൈവിട്ടു. രാഹുല്‍ മാങ്കൂട്ടത്തെ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കിയത് വാക്കിലെ മൂര്‍ച്ഛയും അതിരുവിട്ട ചില വര്‍ത്തമാനങ്ങളുമാണ്. ഇന്ന് നാണംകെട്ട് പടിയിറങ്ങേണ്ടുന്ന അവസ്ഥയെത്തിയപ്പോഴും ചര്‍ച്ചയാകുന്നത് ഈ വര്‍ത്തമാനങ്ങള്‍ തന്നെയാണ്.
പൊതിച്ചോറിനു പിന്നിലെ അനാശാസ്യ പ്രവര്‍ത്തനം
കേരളത്തിലെ സിപിഎമ്മിന്റെ യുവജനവിഭാഗമായ ഡിവൈഎഫ്ഐയാണ് കേരളത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചഭക്ഷണം നല്‍കുന്നത്. ഹൃദയപൂര്‍വം എന്ന പേരിട്ടിരിക്കുന്ന ഈ ദൗത്യം കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി മുടക്കമില്ലാതെ നടക്കുന്നുമുണ്ട്. വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ വീടുകളില്‍ നിന്നും ലഭിക്കുന്ന പൊതിച്ചോറുകളാണ് ആശുപത്രിയില്‍ വിതരണം ചെയ്യുന്നത്.
വിവിധ മേഖലാ കമ്മിറ്റികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ഡിവൈഎഫ്ഐയുടെ ഈ പ്രവര്‍ത്തനത്തെ പരസ്യമായി അഭിനന്ദിച്ചതിനു പിന്നാലെയാണ് പൊതിച്ചോറിനു പിന്നില്‍ വലിയ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് രാഹുല്‍ പൊതുവേദിയില്‍ പറയുന്നത്. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും ഇതിനെതിരെ രംഗത്തു വന്നിരുന്നു.
ഏതു വാഴയാടാ കേരളത്തിന്റെ ആഭ്യന്തര മന്ത്രി... എടാ വിജയാ...
കേരള മുഖ്യമന്ത്രിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലായ്പ്പോഴും കടന്നാക്രമിച്ചിരുന്നു, മാത്രമല്ല ഏതു വാഴയാടാ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയെന്ന പൊതുവേദിയില്‍ ചോദിക്കുകയും എടാ വിജയാ എന്നുള്ള നിരന്തര പരാമര്‍ശവും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
പ്രായത്തെയോ രാഷ്ട്രീയത്തിലെ സീനിയോറിറ്റിയോ നോക്കാതെ അതിരുവിട്ട ഈ വാക്കുകള്‍ രാഹുലിന് വിനയായി. പിണറായി വിജയന് ഒരു എഫ്ഐആര്‍ ഇടാന്‍ പറ്റിയോയെന്ന് പരിഹസിച്ച രാഹുല്‍ ഇന്ന് പാര്‍ട്ടിക്കു പുറത്തും, ഒന്നിലധികം പീഡന കേസുകളിലെ പ്രതിയുമാണ്.
നിന്റെ സര്‍വീസിനുള്ള പാരിതോഷികം തരുന്നുണ്ട്...
പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ പോലും വിവാദചുഴിയിലേക്ക് വലിച്ചറിഞ്ഞതും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകളായിരുന്നു. നീലപ്പെട്ടി വിവാദവും അതിനെ തുടര്‍ന്ന് പോലീസിന്റെ വാഹന പരിശോധനയും വൻ വിവാദമായിരുന്നു. നിന്റെ സര്‍വീസിനുള്ള പാരിതോഷികം തരുന്നുണ്ടെന്ന് വാഹനം പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥനോട് ആക്രോശിക്കുന്ന രാഹുല്‍ ഇന്ന് ആ പോലീസിന്റെ നോട്ടപ്പുള്ളിയാണ്.
അന്ന് ഒപ്പമുണ്ടായിരുന്ന വടകര എംപി ഷാഫി പറമ്പില്‍ രാഹുലിനോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുന്നതും പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നു. അന്ന് പാരിതോഷികം കൊടുക്കാനിരുന്ന പോലീസ് ഉദ്യോഗസ്ഥന് ഇന്ന് വിലങ്ങണിയിക്കാന്‍ എത്തുന്നവരിലുണ്ടെങ്കില് അതാണ് കാവ്യനീതി.
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ പത്നിയെ അധിക്ഷേപിച്ച സംഭവം
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്ന ദിവസം രാഹുല്‍ നടത്തിയ പരാമര്‍ശം വിവാദത്തിനിടയാക്കിയിരുന്നു. കരുണാകരന്റെ പത്നിയെ അധിക്ഷേപിക്കുന്ന തരത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ ഭേദമെന്യ വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Tags : Rahul Mamkootathil palakkad mla congress police case