തിരുവന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പീഡനക്കേസിന്റെ അന്വേഷണം ഊർജിതമാക്കി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവന്ന ശബ്ദരേഖയുടെ പരിശോധന തുടങ്ങി. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് തന്നെ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഓരോ ശബ്ദരേഖയും പ്രത്യേകമാണ് പരിശോധിക്കുക. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. പീഡനം നടന്നതായി യുവതി മൊഴി നൽകിയ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി.
ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകി. വൈദ്യപരിശോധനയുടെ രേഖകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ആരംഭിച്ചു.
അന്വേഷണ സംഘം രാഹുൽ താമസിച്ചിരുന്ന കുന്നത്തൂർമേടിലുള്ള ഫ്ലാറ്റിലെത്തി തെളിവെടുത്തു. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്ലാറ്റിൽ തന്നെയെന്ന് പോലീസ് അറയിച്ചു. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് വാദം.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന റിപ്പോർട്ട് പോലീസ് തള്ളി. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി.
Tags : sexual harassment police case rahul mamkoottathil palakkad mla audio clip examination