തൃശൂർ: സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷാഫലങ്ങളുടെ അടിസ്ഥാനത്തിൽ അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിനായി അടിയന്തരനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.
വിദ്യാഭ്യാസ ഉദ്യോഗസ്ഥരായ എഇഒ, ഡിഇഒ, ഡിഡി, ആർഡിഡി, വിഎച്ച്എസ്ഇ എഡി, എസ്എസ്കെ - ഡിപിസി എന്നിവരുടെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് നിർദേശം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവരും പങ്കെടുത്തു.
അഞ്ചുമുതൽ ഉത്തരക്കടലാസുകൾ വിതരണംചെയ്ത് ക്ലാസ് പിടിഎ യോഗങ്ങൾ ചേർന്ന് രക്ഷിതാക്കളുമായി കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്യണം. അഞ്ചുമുതൽ ഒന്പതുവരെ ക്ലാസുകളിൽ നടപ്പിലാക്കിയ സബ്ജക്ട് മിനിമം (30% മാർക്ക്) പദ്ധതി കുട്ടികൾക്കു നീതിയുക്തമായി ഗുണംചെയ്തോ എന്നു വിലയിരുത്തണം. പിന്നാക്കംനിൽക്കുന്ന കുട്ടികൾക്കു പത്താം ക്ലാസ് മാതൃകയിൽ പ്രത്യേക ക്ലാസുകൾ നൽകണം.
കുട്ടികളുടെ സ്കോറുകൾ സമഗ്ര പ്ലസ് പോർട്ടലിൽ രേഖപ്പെടുത്തി താഴ്ന്ന ഗ്രേഡ് നേടിയവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം.എസ്ടി വിദ്യാർഥികൾക്കുള്ള എൻറിച്ച്മെന്റ് പ്രോഗ്രാം, ഇതരസംസ്ഥാനതൊഴിലാളികളുടെ കുട്ടികൾക്കുള്ള വോളന്റിയർ ക്ലാസുകൾ എന്നിവയുടെ പുരോഗതി ഉറപ്പാക്കണം.
കുട്ടികളിൽ മൂല്യബോധം, സഹിഷ്ണുത, പ്രകൃതിസ്നേഹം എന്നിവ വളർത്തുന്നതിനും ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്നേഹം എന്ന പുതിയ പദ്ധതി നടപ്പിലാക്കും.
Tags : education standard urgent matter Minister V. Sivankutty