മുക്കം (കോഴിക്കോട്): മുക്കം നഗരസഭാ തെരഞ്ഞെടുപ്പില്‍ 107 സ്ഥാനാര്‍ഥികള്‍ വിവിധ ഡിവിഷനുകളില്‍ മത്സരത്തിനിറങ്ങുമ്പോള്‍ വ്യത്യസ്തയായൊരു ആളും അതിലുണ്ട്... റീജ തെക്കേപൊയില്‍.
വിധി ശരീരത്തെ തളര്‍ത്തിയെങ്കിലും മനക്കരുത്തുകൊണ്ട് വീല്‍ചെയറിലേറി പ്രതിസന്ധികളോടു പടവെട്ടുന്ന ധീര വനിത. കയ്യേരിക്കല്‍ ഡിവിഷനിലെ (27) എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് റീജ. പത്താം വയസില്‍ പോളിയോ രോഗം തളര്‍ത്തിയതാണ് റീജയുടെ ചലനശേഷിയും സ്വപ്നങ്ങളും. പക്ഷേ വിധിക്കു മുന്നില്‍ തളരാന്‍ തയാറായില്ല. കന്നിയങ്കത്തിനിറങ്ങിയ റീജ വോട്ടു തേടിയെത്തുന്നത് ഇലക്ട്രിക് വീല്‍ചെയറിലാണ്.
ശരീരമാകെ തളര്‍ന്നതോടെ അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ഏറെ നാളത്തെ ചികിത്സ. കൈകളുടെ ചലനശേഷി തിരിച്ചുകിട്ടിയെങ്കിലും കാലുകള്‍ക്ക് ഇപ്പോഴും പിണക്കമാണ്. ഇതിനിടെ അച്ഛനെ നഷ്ടമായി. പക്ഷാഘാതം വന്നതോടെ അമ്മയ്ക്കു ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥ.
മണാശേരിയില്‍ തയ്യല്‍ക്കട നടത്തിയാണ് റീജ കുടുംബം പുലര്‍ത്തുന്നത്. കൈകൊണ്ടു നിയന്ത്രിക്കാന്‍ സാധിക്കുന്ന മെഷീന് ഉപയോഗിച്ചാണ് വസ്ത്രങ്ങള്‍ തയ്ക്കുന്നത്. കാലപ്പഴക്കത്തെത്തുടര്‍ന്ന് മുച്ചക്ര വാഹനം ഇടയ്ക്കിടെ പണിമുടക്കുന്നുണ്ട്. അതുകൊണ്ട് തത്കാലത്തേക്കു സുഹൃത്തിന്റെ കാറുപയോഗിച്ചും വോട്ട് തേടാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ് റീജ.
Tags : Reja wheelchair reja thekkepoyil Mukkam Municipality