കൊച്ചി: സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടറുടെ മുറിയിൽ കയറി നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന കേസില്‍ തമിഴ്നാട് മധുര സ്വദേശി സതീഷ്കുമാറിനെ (19) എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. വിരലടയാളം പിന്തുടര്ന്നുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ മൂന്നാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഡിസംബര്‍ 23ന് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലെ 103-ാം നമ്പര്‍ മുറിയില്‍ നിന്നാണ് സതീഷ് സാധനങ്ങള്‍ മോഷ്ടിച്ചത്. ഇവിടെ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശി ഡോ. ഷഹാന വാതില്‍ പൂട്ടാതെ പുറത്തുപോയപ്പോഴാണ് മുറിയിലുണ്ടായിരുന്ന സാധനങ്ങള്‍ സതീഷെടുത്തത്.
സിസിടിവി ദൃശ്യത്തില്‍നിന്ന് മോഷ്ടാവ് ഓട്ടോയില്‍ ചക്കരപ്പറമ്പിലെ ആക്രിക്കടയില്‍ പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു. എന്നാല്‍ ആരാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മുറിയില്‍നിന്ന് വിരലടയാളത്തിന്റെ തുമ്പുപിടിച്ച് നടത്തിയ അന്വേഷണമാണ് മൂന്നാറില്‍ ഒളിച്ച് താമസിച്ച പ്രതിയെ കണ്ടെത്താന്‍ സഹായമായത്. മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ 5000 രൂപയ്ക്ക് വിറ്റതായാണ് സതീഷ് പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Tags : Robbery private hotel Suspect arrested fingerprint investigation