തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ സാന്പത്തിക ഇടപാടുകളും വിദേശ യാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. കഴിഞ്ഞ ദിവസം പത്മകുമാറിന്റെ പത്തനംതിട്ടയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭൂമി ഇടപാടുകൾ സംബന്ധിച്ച ചില രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ വിശദമായ പരിശോധന ഇന്നു നടക്കും. ഒപ്പം വിദേശ യാത്രകൾ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
പത്മകുമാറിന്റെ പാസ്പോർട്ട് പിടിച്ചെടുത്തിട്ടുണ്ട്. ഏതൊക്കെ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തി, ആരൊക്കെയുമായി കൂടിക്കാഴ്ച നടത്തി, സാന്പത്തി ഇടപാടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ വിഷങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് ഏതെങ്കിലും തരത്തിലുള്ള സാന്പത്തിക ഇടപാടുകൾ ഉണ്ടാ യിരുന്നോ എന്ന കാര്യവും വിശദമായി പരിശോധിക്കും.
2016 മുതലുള്ള പത്മകുമാറിന്റെ ആദായനികുതി വിവരങ്ങൾ അടക്കമുള്ളവയുടെ രേഖകളും കസ്റ്റഡിയിലെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഇത് സൗഹൃദ സന്ദർശനമെന്നാണ് വിശദീകരണം. പത്മകുമാർ പ്രസിഡന്റാകുന്നതിനു മുൻപുതന്നെ പോറ്റിക്ക് ശബരിമലയിൽ സ്വാധീനമുണ്ടായിരുന്നു.
അതേസമയം നടൻ ജയറാമിന്റെ മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. സാക്ഷിയാക്കിയാകും മൊഴിയെടുക്കുക. ശബരിമലയിലെ സ്വർണപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചിരുന്നു. സ്വർണപ്പാളികൾ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി സാന്പത്തിക ലാഭമുണ്ടാക്കിയെന്നു കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജയറാമിനെ സാക്ഷിയാക്കുന്നത്.
പത്മകുമാറിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു പ്രത്യേക അന്വേഷണ സംഘം ഇന്നു കോടതിയിൽ അപേക്ഷ നൽകും. പത്മകുമാറിന്റെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാകും ബോർഡ് അംഗങ്ങളായിരുന്ന കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുക. 2019 കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുക്കുന്ന കാര്യത്തിലും പത്മകുമാറിനെ ചോദ്യം ചെയ്ത ശേഷമാകും തീരുമാനമെടുക്കുക.
നേരത്തേ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തപ്പോൾ കടകംപള്ളി സുരേന്ദ്രനുമായുള്ള ബന്ധം വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം പുറത്തു വിടാതിരുന്നതും ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്.
Tags : Sabarimala gold scam