തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോണ്‍ഗ്രസ് പ്രതിനിധികളുടെ കാലത്തു നടന്ന ശബരിമല സ്വർണക്കൊടിമര നവീകരണവും വാജിവാഹനം കാണാതായതുമായ സംഭവങ്ങൾ അന്വേഷിക്കുന്നു.
2017ൽ കോണ്‍ഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന ബോർഡിന്റെ കാലത്തെ സ്വർണക്കൊടിമര നവീകരണവും ഇതിലെ വാജിവാഹനം ഇപ്പോൾ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലേക്കു കൊണ്ടുപോയ സംഭവവും അന്വേഷണപരിധിയിൽ കൊണ്ടുവരാനാണു നീക്കം.
ക്ഷേത്രസ്വത്തുക്കൾ പുതുക്കുന്പോൾ പഴയ സാധനങ്ങൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന 2012ലെ ദേവസ്വം കമ്മീഷണറുടെ ഉത്തരവ് മറികടന്ന് വാജിവാഹനം തന്ത്രി കണഠര് രാജീവർക്കു നൽകിയ നടപടിയാണ് പ്രധാനമായി അന്വേഷിക്കുന്നത്.
വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞ് കൊടിമര നവീകരണം നടത്തിയപ്പോൾ തന്ത്രി കൊണ്ടുപോയിരുന്നുവെന്നാണ് അന്ന് ദേവസ്വം ബോർഡ് അംഗമായിരുന്ന അജയ് തറയിൽ പറയുന്നത്. എന്നാൽ, പഴയ ക്ഷേത്രസ്വത്തുക്കൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന സർക്കുലറുണ്ടായിട്ടും ഇതു മറികടന്ന് ഭരണസമിതി തന്ത്രിക്കു നൽകിയതിലാകും പ്രധാന അന്വേഷണം.
വാജിവാഹനം തന്ത്രി ആന്ധ്രയിലെ ഒരു ഭക്തന് ലക്ഷങ്ങൾക്കു വില്പന നടത്തിയിരുന്നതായും ശബരിമല സ്വർണക്കൊള്ള അന്വേഷണം തുടങ്ങിയതിനുപിന്നാലെ തന്ത്രി ഇതു തിരികെ വാങ്ങുകയായിരുന്നുവെന്നുമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. വാജിവാഹനം പിന്നീട് തന്ത്രിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു. 15 കിലോയോളം വരുന്ന പഞ്ചലോഹത്തിൽ നിർമിച്ച വാജിവാഹനം തങ്കം പൊതിഞ്ഞതെന്നാണു രേഖ.
കൊടിമരത്തിന് നവീകരണം ആവശ്യമുണ്ടെന്നു തന്ത്രി പറഞ്ഞതിനെത്തുടർന്നാണ് 2017ൽ നവീകരണ പ്രവർത്തനത്തിലേക്കു കടന്നത്. കൊടിമരം പൊതിഞ്ഞ സ്വർണവും കാണാനില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കൊടിമരത്തിനുചുറ്റുമുള്ള അഷ്ടദിക് പാലകർ, സ്വർണപ്പറകൾ തുടങ്ങിയവയും കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ടെല്ലാം അന്വേഷണം വരുമെന്നാണു സൂചന.
അതിനിടെ, ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തി പൂജപ്പുര ജയിലിലെ ഡോക്ടർ പരിശോധിച്ചു. ഇന്നു കൊല്ലം വിജിലൻസ് കോടതിക്ക് റിപ്പോർട്ട് നൽകും. കോടതിയുടെ ഉത്തരവുപ്രകാരം ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ ജയിലിലേക്കോ മാറ്റും.
കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് കഴിഞ്ഞദിവസം ആശുപത്രിയിലെത്തി ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണു റിമാൻഡ് ചെയ്തത്. എന്നാൽ 82 വയസുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില സെൻട്രൽ ജയിലിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധിച്ചശേഷം തുടർതീരുമാനമെടുക്കാനായിരുന്നു നിർദേശം.
കൊല്ലം: ശബരിമലയിലെ വിവാദമായ സ്വര്‍ണക്കൊള്ള കേസിൽ വിഎസ്എസ്സിയില് നടത്തിയ നിര്‍ണായക ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കൊല്ലം വിജിലന്‍സ് കോടതിയിലെത്തി. ദ്വാരപാലകശില്പം, കട്ടിളപ്പാളി തുടങ്ങി 15 സാന്പിളുകളുടെ പരിശോധനാഫലമാണ് കോടതിക്കു കൈമാറിയത്.
വിഎസ്എസ്സിയില് നടത്തിയ വിദഗ്ധ പരിശോധനാ റിപ്പോർട്ട് മുദ്രവച്ച കവറിലാണു കോടതിയില്‍ സമര്‍പ്പിച്ചത്. 2019ല്‍ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിനുമുന്പും ശേഷവുമുള്ള സ്വര്‍ണത്തിന്റെ അളവിലും ഗുണനിലവാരത്തിലും മാറ്റം വന്നിട്ടുണ്ടോയെന്നു കണ്ടെത്താനാണ് ശാസ്ത്രീയ പരിശോധന നടത്തിയത്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ നേതൃത്വത്തിലാണ് അന്ന് അറ്റകുറ്റപ്പണികള്‍ നടന്നത്. ചെമ്പുപാളികളില്‍ സ്വര്‍ണം പൂശിയതിലൂടെ വലിയതോതില്‍ സ്വര്‍ണം അപഹരിക്കപ്പെട്ടുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സങ്കീർണമായ ഈ ശാസ്ത്രീയ പരിശോധന വേണ്ടിവന്നത്.
പഴയ ചെമ്പുപാളികള്‍ തന്നെയാണോ ശബരിമലയില്‍ ഇപ്പോഴുമുള്ളത്, ആ പാളികളില്‍ തന്നെയാണോ സ്വര്‍ണംപൂശല്‍ അടക്കമുള്ള പ്രവൃത്തികള്‍ നടന്നത് തുടങ്ങിയ കാര്യങ്ങളും ശാസ്ത്രീയ പരിശോധനാറിപ്പോർട്ടിലൂടെ സ്ഥിരീകരിക്കാനാകും. വിഎസ്എസ്സിയുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന്റെ ദിശ മാറ്റും.
Tags : Sabarimala gold theft Sabarimala Swarnapali Investigation stolen vehicle sabarimala vajivahanam Sabarimala Godpali