തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. സ്വര്‍ണക്കൊള്ളയിൽ സിപിഎം നേതാക്കൾ സംശയത്തിന്റെ നിഴലിലാണ്.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയുടെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനായി സർക്കാർ എസ്ഐടിക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്നും വി.ഡി. സതീശൻ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്താൽ പാർട്ടിക്ക് തിരിച്ചടിയാകും.
അതിനാൽ ചോദ്യം ചെയ്യൽ മനപൂർവം നീട്ടിവെക്കുകയായിരുന്നു. കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ഇത് സംഭവിച്ചത്. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചു.
എസ്ഐടിയിൽ ഇപ്പോഴും വിശ്വാസമുണ്ട്. സ്വർണക്കൊള്ളയിൽ കടകംപള്ളിയ്ക്ക് പങ്കുണ്ടെന്നതിന്റെ തെളിവാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
Tags : sabarimala gold theft sit v.d.satheesan kadakampally surendran