തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഉന്നതതല ബന്ധം തേടി പ്രത്യേക അന്വേഷണ സംഘം. ഉന്നതതല ഗൂഢാലോചന കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദേശിച്ച സാഹചര്യത്തിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള ശ്രമം പ്രത്യേക അന്വേഷണ സംഘം തുടങ്ങി. ഇതിന്റെ ഭാഗമായി അറസ്റ്റിലായ ശേഷം ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡിലുള്ള പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിത്തുടങ്ങി.
കേസിലെ മുഖ്യപ്രതിയായ മുരാരി ബാബുവിനെ ചോദ്യം ചെയ്യാനായി ഇന്നലെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. 2019ൽ ശബരിമല സ്വർണക്കൊള്ള നടക്കുന്പോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു.
രജിസ്റ്ററിലും മഹസറിലും സ്വർണപ്പാളികൾ, ചെന്പുപാളികൾ എന്നു രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. ഇതോടൊപ്പം അന്ന് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറിനെയും കസ്റ്റഡിയിൽ വാങ്ങും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇതിനു ശേഷമാകും വ്യാഴാഴ്ച രാത്രി അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിനെ ചോദ്യം ചെയ്യുക.
അന്ന് ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിന്റെ നിർദേശപ്രകാരമാണ് രേഖകളിൽ തിരിമറി നടത്തിയെന്ന മൊഴി ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ ശക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന്റെ ഭാഗമായാണ് ദേവസ്വം ഉദ്യോഗസ്ഥരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക. മൊഴികൾ അനുകൂലമായാൽ അടുത്ത ദിവസങ്ങളിൽതന്നെ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതും പരിഗണനയിലാണ്.
എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തവരുന്ന സമയത്ത് സിപിഎമ്മുമായും സംസ്ഥാന സർക്കാരുമായും അടുത്ത ബന്ധമുള്ള എൻ. വാസുവിനെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്.
നേരത്തേ രഹസ്യമായി വാസുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. വാസുവിനെ അറസ്റ്റ് ചെയ്താൽ സർക്കാരിലെയും സിപിഎമ്മിലെയും ഉന്നതബന്ധങ്ങൾ പുറത്തുവരുമെന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം ആരോപണം ഉന്നയിച്ചിരുന്നു.
ഇതോടൊപ്പം കൂടുതൽ സ്വർണം കവർന്നോ എന്നും പരിശോധിക്കാൻ തീരുമാനിച്ചു. ശ്രീകോവിലിന്റെ വാതിലിലെ സ്വർണം അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
തിരുവാഭരണം കമ്മീഷണര്‍ റിമാന്‍ഡില്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു റിമാന്‍ഡില്‍. റാന്നി ഫസ്റ്റ ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബൈജുവിനെ 21 വരെയാണ റിമാന്‍ഡ് ചെയ്തത്.
ഉണ്ണികൃഷ്ണന് പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികള്‍ പരിശോധിച്ച് ഉറപ്പാക്കുന്നതില്‍ ബൈജു വീഴ്ച വരുത്തിയെന്നാണ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവാഭരണം കമീഷണറുടെ ഓഫിസിന്റെ പ്രവര്‍ത്തനം അടിമുടി ദുരൂഹമായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
റിമാന്‍ഡിലായിരുന്ന മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ തിങ്കളാഴ്ച വരെയും മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാറിനെ ബുധനാഴ്ച വരെയും അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് മൂവരെയും കോടതിയില്‍ ഹാജരാക്കിയത്.അടച്ചിട്ട കോടതിയിലായിരുന്നു വാദം.
Tags : Devaswom officials Sabarimala gold theft SIT team