കോഴിക്കോട്: കേരള പോലീസിന്റെ ‘പോൽ’ ആപ്പുമായി ചേർന്ന് റെയില്‍വേ. യാത്രക്കാര്‍ക്കു സുരക്ഷിത യാത്രയൊരുക്കുക എന്നതാണ് ലക്ഷ്യം. ട്രെയിൻ യാത്രയ്ക്കിടെ ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു സുരക്ഷിതയാത്ര ഉറപ്പുനൽകിയാണു പോൽ ആപ്പിൽ ‘റെയിൽ മൈത്രി’ സേവനം ഉൾപ്പെടുത്തിയത്.
ട്രെയിൻ യാത്രക്കാർക്കായി മൊബൈൽ ഫോണിൽ റെയിൽവേ പോലീസ് അഞ്ചു സേവനങ്ങളാണ് ഒരുക്കിയത്. യാത്രക്കാരുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഇനി ‘റെയിൽ മൈത്രി’ സർവീസ് ഉപയോഗിക്കാം.
ഒറ്റയ്ക്കു യാത്ര ചെയ്യുന്നവർ കോച്ച് നന്പർ, ട്രെയിനിന്റെ വിശദാംശം, യാത്രക്കാരുടെ ഫോട്ടോ എന്നിവ ‘റെയിൽ മൈത്രി’ സർവീസ് വഴി പങ്കുവച്ചാൽ റെയിൽവേ പോലീസിന്റെ കൺട്രോൾ റൂം മുഖേന ഇവരെ നിരീക്ഷിക്കും.
സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി പോലീസുമായി പങ്കുവയ്ക്കൽ, യാത്രയ്ക്കിടെ സാധനങ്ങൾ നഷ്ടപ്പെട്ടാൽ അതിന്റെ അന്വേഷണം, തുടർ വിവരങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയവയും ഇതിലൂടെ സാധ്യമാണ്. ട്രെയിനിലോ പാളത്തിലോ പ്ലാറ്റ്ഫോമിലോ അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പോലീസിനെ അറിയിക്കാനും ആപ്പിലൂടെ സാധിക്കും. രണ്ടു മാസത്തിനുള്ളിൽ കൂടുതൽ ജനങ്ങളിലേക്കു റെയിൽ മൈത്രി സേവനം എത്തിക്കുക എന്നതാണു ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ ട്രെയിനിൽ ബോധവത്കരണ ക്ലാസുകൾ നടത്തുന്നുണ്ട്. പ്ലേ സ്റ്റോറിൽ ലഭ്യമായ പോൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇതിൽനിന്നു ‘റെയിൽ മൈത്രി’ സേവനം ഉപയോഗിക്കാം.
Tags : Safe journey Pol app Railway