പാലക്കാട്: സംസ്ഥാനത്തു ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ; പ്രത്യേകിച്ച്, സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ റെയിൽവേ പോലീസും ലോക്കൽ പോലീസും ചേർന്ന് ‘ഓപ്പറേഷൻ രക്ഷിത’ എന്ന പേരിൽ പദ്ധതി ആരംഭിച്ചു.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ, ലഹരി ഉപയോഗം, സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ റെയിൽവേ എസ്പിയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചാണ് ‘ഓപ്പറേഷൻ രക്ഷിത’ നടപ്പാക്കുന്നത്.
ഈ നാലു മേഖലകളിലും റെയിൽവേ ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ വനിതാ പോലീസ് ഉൾപ്പെടെയുള്ള സേനാംഗങ്ങളെ ഉപയോഗിച്ച് ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിംഗ് ശക്തമാക്കി. സ്ത്രീകൾ കൂടുതലുള്ള കന്പാർട്ട്മെന്റുകളിൽ പ്രത്യേക പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ പ്രവേശനകവാടങ്ങളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി, മദ്യപിച്ചവരെ കണ്ടെത്താനായി 38 റെയിൽവേ സ്റ്റേഷനുകളിൽ ആൽക്കോമീറ്റർ പരിശോധനയും തുടങ്ങിയിട്ടുണ്ട്.
ട്രെയിനുകൾക്കു നേരേ കല്ലെറിയുന്നവരെയും ട്രാക്കിൽ കല്ലും മറ്റും വച്ച് അപകടമുണ്ടാക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) പോലീസും നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്.
ഇതിനു പുറമെ ബോംബ് സ്ക്വാഡിന്റെയും നർക്കോട്ടിക് വിഭാഗത്തിന്റെയും സഹായത്തോടെ മയക്കുമരുന്നുകൾ, നിരോധിത പുകയില ഉത്പന്നങ്ങൾ, ഹവാല പണം എന്നിവ കണ്ടെത്താനുള്ള പരിശോധനയും ശക്തമാക്കി. സംശയകരമായ വസ്തുക്കളോ ഉപേക്ഷിക്കപ്പെട്ട ബാഗുകളോ കണ്ടെത്തിയാൽ ഉടൻ പരിശോധന നടത്താൻ ബോംബ് സ്ക്വാഡ്, കെ9 സ്ക്വാഡ് എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തും.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയും പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെ കറങ്ങിനടക്കുന്നവരെയും കർശനമായി നിരീക്ഷിച്ച് നിയമനടപടികൾ സ്വീകരിക്കും. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലിൽ ആക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും.
സംശയാസ്പദമായ വസ്തുക്കളോ വ്യക്തികളെയോ കണ്ടാൽ യാത്രക്കാർക്കു റെയിൽ അലർട്ട് കണ്ട്രോൾ നന്പറായ 9846200100ലോ, എമർജൻസി റെസ്പോണ്സ് സപ്പോർട്ട് സിസ്റ്റം കണ്ട്രോൾ 112 ലോ, റെയിൽവേ ഹെൽപ്പ്ലൈൻ നന്പറായ 139 ലോ വിവരം നൽകാവുന്നതാണെന്നു പാലക്കാട് റെയിൽവേ പോലീസ് ഡിവൈഎസ്പി അറിയിച്ചു.
അനിഷ്ടസംഭവങ്ങൾ പോലീസിനെ വാട്സാപ്പിലൂടെയും അറിയിക്കാം
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പോലീസിനെ ബന്ധപ്പെടാം. ഇത്തരം സംഭവങ്ങൾ വാട്സാപ്പ് മുഖേനയും പോലീസിനെ അറിയിക്കാം.
ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയയ്ക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നവ വാട്സാപ്പിലൂടെ പോലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കൂടാതെ 9846 200 100, 9846 200 150, 9846 200 180 എന്നീ നമ്പറുകളിലും പോലീസ് സേവനങ്ങൾ ലഭ്യമാണ്.
Tags : Operation Rakshita train passengers safty Train safty