കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്.
കമ്പനി ഉടമ സ്വാതിഖ് റഹീമുമായുള്ളത് ബ്രാന്‍ഡ് അംബാസിഡര്‍ ബന്ധം മാത്രമെന്നാണ് ജയസൂര്യയുടെ മൊഴി. മറ്റ് ഇടപാടുകളില്ല. താന്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചതേയുള്ളുവെന്നും കരാര്‍ തുക പൂര്‍ണമായും ലഭിച്ചില്ലെന്നും നടന് വ്യക്തമാക്കി.
അതേസമയം, ജയസൂര്യക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണെന്ന നിഗമനത്തിലാണ് ഇഡി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടും ഇഡി അന്വേഷിക്കുന്നുണ്ട്.
തട്ടിപ്പ് കേസില്‍ ജയസൂര്യയെ തിങ്കളാഴ്ചയും കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ രണ്ടാം തവണയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.
കുറഞ്ഞ തുകയ്ക്ക് ലാപ്ടോപ്പും മൊബൈലും ലേലം ചെയ്തെടുക്കാന്‍ കഴിയുന്ന ആപ്പാണിത്. ഇതിനെതിരേ തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തൃശൂര്‍ സ്വദേശിയായ സ്വാതിഖ് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്.
2023ലാണ് ആപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നത്. കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്വാതിഖ് പോലീസിന്റെ പിടിയിലായതിന് പിന്നാലെ ഇഡിയും കേസെടുത്തു. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ലേലത്തിലൂടെ വാങ്ങാമെന്നായിരുന്നു വാഗ്ദാനം. നിക്ഷേപകര്‍ക്ക് വലിയ വരുമാനവും വാഗ്ദാനം ചെയ്തിരുന്നു. നിക്ഷേപകരെ കമ്പനി ഓഹരി ഉടമകളാക്കിയായിരുന്നു തട്ടിപ്പ്. പണം തിരികെ ആവശ്യപ്പെട്ടവരോട് അവധി പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. വൈകാതെ സ്ഥാപനംപൂട്ടി മുങ്ങി.
ആപ്പില്‍ ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ നിക്ഷേപിച്ചവരുണ്ട്. തൃശൂര്‍ സ്വദേശി സ്വാഫിഖ് റഹീമാണ് കേസില്‍ മുഖ്യ പ്രതി. ജയസൂര്യയാണ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
Tags : Save Box app fraud case Jayasurya questioning