തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന പാങ്ങോട് വിവേകാനന്ദ നഗര്‍ ഐശ്വര്യയില്‍ കെ. ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു.
ആകാശവാണി, പിഐബി, ഇന്ത്യന്‍ എക്സ്പ്രസ്, ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ചര്‍ച്ചയായ ഒട്ടേറെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്റ് മാധ്യമത്തിലേക്ക് വരുന്നതിനു മുമ്പ് 10 വര്‍ഷക്കാലമാണ് അദ്ദേഹം റേഡിയോയില്‍ പ്രവര്‍ത്തിച്ചത്.
പിന്നീട് ഏഷ്യാനെറ്റില്‍ കാഴ്ചവട്ടം എന്ന പ്രോഗ്രാമിന്റെ അവതാരകനായും ശ്രദ്ധേയനായി. മറ്റാര്‍ക്കും കിട്ടാത്ത അദ്ദേഹത്തിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചിരുന്നു. 1977ല്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി സഞ്ചരിച്ച വിമാനം തകര്‍ന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു ആകാശവാണി ഡല്‍ഹി ലേഖകനായിരുന്ന ഗോവിന്ദന്‍കുട്ടി. പൈലറ്റടക്കം അഞ്ചുപേര്‍ മരിക്കുകയും പ്രധാനമന്ത്രി ഉള്‍പ്പെടെ രക്ഷപ്പെടുകയും ചെയ്ത അപകടം ലോകത്തെ ആദ്യമായി അറിയിച്ചത് ഗോവിന്ദന്‍കുട്ടിയാണ്.
കക്കി വനം കുംഭകോണം പുറത്തുകൊണ്ടുവരികയും അതിന്മേല് നിയമസഭയില്‍ വലിയ കോളിളക്കമുണ്ടാവുകയും ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തത് ഗോവിന്ദന്‍കുട്ടിയുടെ റിപ്പോര്‍ട്ടിനെത്തുടർന്നായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി പത്തിലധികം പുസ്തകങ്ങളും അദ്ദേഹം രചിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷന്റെ ജീവചരിത്രമായ ആന്‍ ഇന്റിമേറ്റ് സ്റ്റോറി: എ ബയോഗ്രഫി ഓഫ് ടി.എന്‍. ശേഷന് ശ്രദ്ധേയമാണ്. മലയാളത്തില്‍ അദ്ദേഹം രചിച്ച കാലക്ഷേപം എന്ന പുസ്തകം വലിയ ചര്‍ച്ചയായി. ഇതിനു പുറമേ കെ. കരുണാകരന്, കെ.എം. മാണി, ബിസിനസുകാരന് രാജന് പിള്ള എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തെക്കുറിച്ചുള്ള അഗാധമായ അറിവും വിശകലനശേഷിയും കൊണ്ട് സഹപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും ഇടയിൽ അദ്ദേഹം ഏറെ ആദരിക്കപ്പെട്ടു.
ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ വിസ്മയകരമായ അധ്യായത്തിനാണ് ഗോവിന്ദന്‍കുട്ടിയുടെ വിയോഗത്തിലൂടെ തിരശീല വീണിരിക്കുന്നതെന്ന് കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ശാരദാമണി തങ്കച്ചിയാണ് ഗോവിന്ദന്‍കുട്ടിയുടെ ഭാര്യ. മക്കള്‍: കാര്‍ത്തിക, കാര്‍ത്തിക് കെ. ഗോവിന്ദ് (ഇരുവരും യുഎസ്), മരുമക്കള്‍: അരുണ്‍, കാതറിന്. സംസ്കാരം പിന്നീട്.
Tags : Senior journalist K. Govindankutty passes away